Home Posts Contact Photoes Links


THANK YOU FOR VISIT MY BLOG

03 മാർച്ച് 2011

ചെടിയമ്മ

മാതൃഭൂമി വെബ്സൈറ്റ് യില്‍ വന്ന ആര്‍ട്ടിക്കിള്‍
 
ചെടിയമ്മ
പി.ടി.മുഹമ്മദ് സാദിഖ്‌
നാട്ടറിവിന്റെ അപൂര്‍വ ഖനിയാണ് അന്നമ്മച്ചേട്ടത്തി. ഔഷധവീര്യമുള്ള ഓര്‍മയില്‍നിന്ന് ഒറ്റയടിക്ക് അറൂന്നൂറിലേറെ ചെടികളെ പരിചയപ്പെടുത്തുന്ന ഈ അമ്മയെത്തേടി ആദിവാസി വൈദ്യന്മാര്‍ മുതല്‍ ആയുര്‍വേദ ഗവേഷകര്‍ വരെ എത്തുന്നു. ജൈവലോകത്തിന് സുഗന്ധവും കായ്ഫലവും നല്‍കുന്ന ചെടിയമ്മയുടെ ജീവിതം...


വയസ്സ് എഴുപത്തേഴ് കഴിഞ്ഞു അന്നമ്മച്ചേട്ടത്തിക്ക്. ഇപ്പോഴും പയര്‍മണിപോലെ ഓടി നടക്കും. ഓര്‍മകള്‍ക്ക് ഒരൗഷധച്ചെടിയുടെ വീര്യമുണ്ട്. കുട്ടിക്കാലത്ത് കണ്ടതും കേട്ടതും പഠിച്ചതുമൊക്കെ അപ്പടി നില്‍ക്കുന്നു ഓര്‍മയില്‍. അറുനൂറിലേറെ ചെടികളുടെ പേര് അവര്‍ ഒറ്റനില്‍പില്‍ പറയും. അവയൊക്കെ കണ്ടാല്‍ തിരിച്ചറിയും. ചോദിച്ചാല്‍ കാണിച്ചു തരും. കൃഷിരീതി പഠിപ്പിച്ചുതരും. ഓരോ ചെടിയുടേയും ഔഷധ ഗുണങ്ങളെന്തൊക്കെയെന്നും അവ എങ്ങിനെയൊക്കെ ഉപയോഗിക്കാമെന്നും അവര്‍ പറഞ്ഞു തരും. പൂര്‍വികരെ പോലെ ഒരു ചെടിയും അവര്‍ മറച്ചു വെയ്ക്കുന്നില്ല. തേടിയെത്തുന്നവര്‍ക്കൊക്കെ അവര്‍ ചെടി പറഞ്ഞു കൊടുക്കുന്നു. അതു കൊണ്ടു തന്നെ ചെടി പഠിക്കാന്‍ അവരെ തേടിയെത്തുന്നവര്‍ ചില്ലറക്കാരല്ല. ആദിവാസി വൈദ്യന്മാര്‍ മുതല്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരും കൃഷിവകപ്പ് ഉദ്യോഗസ്ഥരും സര്‍വകലാശാലാ വിദ്യാര്‍ഥികളും ആയുര്‍വേദ നഴ്‌സിംഗ് വിദ്യാര്‍ഥികളുമൊക്കെ അക്കൂട്ടത്തിലുണ്ട്. അങ്ങിനെ ഒരുപാട് പേരുടെ ചെടിട്ടീച്ചറാണ് അന്നമ്മച്ചേട്ടത്തി. ചെടികളുടെ ഒരു പ്രൊഫസര്‍. ഔഷധ സസ്യങ്ങളുടേയും ഗൃഹവൈദ്യത്തിന്റേയും പാഠങ്ങള്‍ക്ക് അവരെ റിസോഴ്‌സ് പേഴ്‌സണായി അംഗീകരിച്ച സ്ഥാപനങ്ങളുമുണ്ട്.

കോട്ടയം ജില്ലയിലെ ആനിക്കാട്ടു നിന്ന് മുക്കത്തിനടുത്ത് വാലില്ലാപ്പുഴയില്‍ കുടിയേറിയതാണ് അന്നമ്മച്ചേട്ടത്തിയുടെ കുടുംബം. കുടിയേറ്റത്തിന്റെ തുടക്കത്തില്‍ അന്നമ്മച്ചേട്ടത്തിയും ഭര്‍ത്താവ് ദേവസ്സിയും നിര്‍മിച്ച ആ ചെറിയ വീട് ഇപ്പോഴും അതേ പോലെയുണ്ട്. അതിന്റെ കൊച്ചുമുറ്റത്ത് ചുറ്റിലുമായി ഒരുപാട് ഔഷധച്ചെടികള്‍ വളരുന്നു. മക്കളൊക്കെ വലിയ നിലയിലായപ്പോഴും ഭര്‍ത്താവ് മരിച്ചു പോയിട്ടും ആ വീടും മുറ്റവും അതുപോലെ നിര്‍ത്തിയിരിക്കുന്നത് ഈ ചെടികള്‍ക്കു വേണ്ടിയാണ്. ചെടികള്‍ക്കു വേണ്ടി പണവും സമയവും ചെലവാക്കി നടക്കുന്നതില്‍ മക്കള്‍ക്കു വലിയ താല്‍പര്യമൊന്നുമില്ലെങ്കിലും ചെടികള്‍ അവരുടെ ജീവനാണ്. ജീവിതമാണ്. അര്‍ബുദം ബാധിച്ച ഇളയ മകന്‍ മരിച്ചു പോകാന്‍ നേരത്ത് അവന് കൊടുത്ത ഒരു വാക്കിന്റെ ഉറപ്പു കൂടിയുണ്ട് ഈ ചെടി ജീവിതത്തിന്.

മുക്കത്തെ ബി.പി. മൊയ്തീന്‍ സേവാ മന്ദിറാണ് അന്നമ്മച്ചേട്ടത്തിയുടെ തട്ടകം. അവിടെ ചെടി പഠിപ്പിക്കുക മാത്രമല്ല, തകര്‍ച്ചയുടെ വക്കിലെത്തിയ ഒരുപാട് കുടുംബങ്ങള്‍ക്ക് ജീവിത സ്വാസ്ഥ്യത്തിന്റെ മരുന്നു കൂടി പറഞ്ഞു കൊടുക്കുന്നു അവര്‍. കെട്ട്യോനെ സഹിക്കാന്‍ വയ്യ, കെട്ട്യോളെ സഹിയ്ക്കാന്‍ വയ്യ എന്നൊക്കെ പറഞ്ഞു ഓടി വന്ന എത്രയോ പേര്‍ക്ക് അവര്‍ സ്‌നേഹത്തിന്റെ ഔഷധം കുറിച്ചു കൊടുത്തു. അവരുടെ മനസ്സിന്റെ മുറ്റത്ത് ചേട്ടത്തി നട്ടുപിടിപ്പിച്ചത് വിശ്വാസത്തിന്റെ പുതിയ ചെടികളാണ്. ആ ചെടികളുടെ തണലില്‍ പരസ്​പരം സ്‌നേഹിച്ചും പൊരുത്തപ്പെട്ടും കഴിയുന്ന എത്രയോ ദമ്പതികള്‍. ഒരു കുടുംബ പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ അന്നമ്മച്ചേട്ടത്തിയുടെ വാക്കുകളില്‍ ഔഷധം തുളുമ്പും. എം.എസ്. ഡബ്ലിയുക്കാരേയും സൈക്കോളജി ബിരുദ ധാരികളേയും വെല്ലുന്ന നയചാതുരിയില്‍ അവര്‍ ദമ്പതികളുടെ മനസ്സു വായിക്കും. അവയിലെ പൊരുത്തക്കേടുകളുടെ ചെറിയ വിള്ളലുകള്‍ മായ്ച്ച് യോജിപ്പിന്റെ വലിയ പാലങ്ങള്‍ കണ്ടെത്തും. ചെടികള്‍ക്ക് മാത്രമല്ല, മനസ്സുകള്‍ക്കും അന്നമ്മച്ചേട്ടത്തി അങ്ങിനെ പ്രൊഫസറായി മാറുന്നു. അന്നമ്മച്ചേട്ടത്തി ആ ജീവിതം പറഞ്ഞു തരികയാണ്:

ആനിക്കാട്ടാണ് ഞാന്‍ ജനിച്ചത്.അകലക്കുന്നം പകുതിയിലായിരുന്നു അന്ന് ആ പ്രദേശം. കോട്ടയത്തുനിന്ന് കെ.കെ. റോഡ് വഴി വാഴൂരില്‍നിന്ന് മൂന്നു നാലു കിലോമീറ്റര്‍ മുത്തോലി റോഡില്‍ അങ്ങുചെന്നാല്‍ അകലക്കുന്നം എന്നാണ് പറയുക. ഇപ്പോള്‍ ആനിക്കാട് പഞ്ചായത്തായി. ഒരു ഗ്രാമപ്രദേശമാണ്. നല്ലൊരു ഗ്രാമം. ആനിക്കാട് പള്ളിയുണ്ട്. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ സ്‌കൂള്‍ തുടങ്ങിയിട്ടേയുള്ളൂ. പിറ്റത്താങ്കല്‍ ഞങ്ങളുടെ വലിയ തറവാട്. നാല് ജ്യേഷ്ഠാനുജന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ഇല്ലിക്കല്‍, തഴയ്ക്കല്‍, തഴയ്ക്കാമറ്റത്ത്, പിറ്റത്താങ്കല്‍ എന്നിങ്ങനെ നാല് തറവാടുകളായി വിഭജിച്ചു. വല്യപ്പന്റെ കാലത്ത് പിറ്റത്താങ്കലാണ് തറവാട്. ഇല്ലിക്കലാണ് ഞാന്‍ ജനിച്ചത്.

ഇസ്ഹാഖ് എന്നാണ് വല്യപ്പന്റെ പേര്. വല്യപ്പന്റെ മൂത്തമകനാണ് എന്റെ ഇച്ചായന്‍ (അപ്പന്‍). പേര് അബ്രഹാം. എല്ലാവരും കുട്ടി എന്നാണ് വിളിക്കുന്നേ. അമ്മ മറിയം. ചെങ്ങളം തകിടിയില്‍ക്കാരിയാണ്. ഇച്ചായന്റെ ഇളയതുങ്ങളാണ് ബാക്കിയെല്ലാവരും. രണ്ട് ഉപ്പാപ്പന്മാരാണ് എനിക്ക്. കുഞ്ഞും പാപ്പച്ചനും. അഞ്ച് അപ്പച്ചിമാരും. ഈയിടെ കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനിയില്‍ മരിച്ച സിസ്റ്റര്‍ മേരി ഇല്ലിക്കല്‍ ഇല്ലേ? അതെന്റെ ഇച്ചായന്റെ പെങ്ങളാണ്. അവര്‍ മരിച്ചപ്പോള്‍ ഞങ്ങളുടെ കുടുംബക്കാരൊക്കെ കോട്ടയത്തുനിന്ന് വന്നിരുന്നു. അപ്പന്റെ ഒരു പെങ്ങളെ കല്യാണം കഴിച്ചിരിക്കുന്നത് അയര്‍കുന്നത്താണ്. ഒരാള്‍ ഇവിടെ തേക്കുംകുറ്റി മുകളേല്‍. ഇളയപെങ്ങളാണ് മണിമല കണ്ണന്താനത്തുള്ള കുട്ടിയമ്മ. നമ്മുടെ അല്‍ഫോന്‍സ് കണ്ണന്താനം ഐ.എ.എസ്സിന്റെ അമ്മ.

എന്റെ ഉപ്പാപ്പന്മാര്‍ ഭയങ്കര കോണ്‍ഗ്രസ്സുകാരായിരുന്നു. എം.എല്‍.സി. കുഞ്ഞന്‍ എന്നാണ് ഒരാളെ പറയുക. എന്റെ ചെറുപ്പകാലത്ത്, സര്‍ സി.പി. ഭരിക്കുന്ന കാലത്ത് വലിയ പ്രക്ഷോഭകാരികളായിരുന്നു അവരൊക്കെ. പട്ടം താണുപിള്ള, പി.ടി. ചാക്കോ, തരീത് കുഞ്ഞിത്തൊമ്മന്‍ തുടങ്ങി കുറേ നേതാക്കളൊക്കെ ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. പഴയകാലത്ത് തറവാട്ടില്‍ വലിയ നിലവറയുണ്ട്. പൊലീസ് അന്വേഷിച്ചു വരുമ്പോള്‍ അതിലാണ് ഇവരെല്ലാം ഒളിച്ചിരിക്കുക. ഞാന്‍ ചെറുതാണ്. അഞ്ചു വയസ്സൊക്കെയേ കാണൂ. നാട്ടിലെ കോണ്‍ഗ്രസ് നേതാവും നാട്ടുപ്രമാണിയുമായ തോപ്പില്‍ ജോണ്‍ അച്ചനാണ് ഉപ്പാപ്പന് എം.എല്‍.സി. എന്ന വിളിപ്പേര് ചാര്‍ത്തിക്കൊടുത്തത്. ഐസക് എന്നാണ് യഥാര്‍ഥ പേര്. മറ്റേ ഉപ്പാപ്പന്‍ പട്ടാളത്തിലായിരുന്നു. ജോസഫ്. പാപ്പച്ചന്‍ എന്നാണ് എല്ലാവരും വിളിക്കുന്നേ.
തറവാട്ടില്‍ ഏറ്റവും മൂത്തയാളുടെ മൂത്തമകളായിട്ടാണ് ഞാന്‍ ജനിച്ചത്. 1934 ജൂലായ് 31-നാണ് ജനനം. ജനിച്ചപ്പം മുതല്‍ വല്യപ്പനും ഉപ്പാപ്പന്മാരുമൊക്കെ അങ്ങനെ കൊണ്ടുനടക്കും. ആദ്യത്തെ പേരക്കുട്ടിയായതു കൊണ്ട് എല്ലാവര്‍ക്കും വലിയ കാര്യമാണ്. പെമ്പിള്ളാര്‍ പുറത്തിറങ്ങി നടക്കേണ്ട കാലമാണ്, പുരയ്ക്കകത്തുതന്നെ ഇരുന്നാല്‍ ഒക്കുകേല എന്നും പറഞ്ഞ് ഉപ്പാപ്പന്മാര്‍ എന്നെ എല്ലായിടത്തും കൊണ്ടുനടക്കും. രാഷ്ട്രീയത്തിലും സമരത്തിലുമൊക്കെ ഉള്ളതുകൊണ്ട് അവര്‍ വലിയ പുരോഗമനക്കാരായിരുന്നു അന്നേ. നേതാക്കന്മാരൊക്കെ വരുമ്പോള്‍ ചായയും പലഹാരവുമൊക്കെ കൊടുക്കാന്‍ അവര്‍ എന്നെ പിടിച്ച് മുന്‍പില്‍ കൊണ്ടുവരും.
ഉപ്പാപ്പന്‍ പോകുന്നേടത്തൊക്കെ എന്നെ കൊണ്ടുപോകും. പാവാടയും ബ്ലൗസുമൊക്കെ ഇടീച്ച് എല്ലാ യോഗങ്ങള്‍ക്കും കൊണ്ടുപോകും. പഴയകാലത്ത് പെണ്ണുങ്ങളെ പുറത്തിറക്കില്ലല്ലോ. ഉപ്പാപ്പന് പക്ഷേ, എന്നെ എവിടെയെങ്കിലും എത്തിക്കണമെന്ന് ആഗ്രഹമായിരുന്നു. പുറത്തിറങ്ങി എല്ലാവരുമായി ഇടപഴകണം എന്നൊക്കെ പറയും. അങ്ങനെയാണ് കുഞ്ഞുന്നാളിലേ എന്നെ ഇങ്ങനെ കൊണ്ടുനടക്കുന്നത്.
ഒരിക്കല്‍ പി.ടി. ചാക്കോ ഉപ്പാപ്പന് പ്രസംഗിക്കാന്‍ വേണ്ടി ഒരു പ്രസംഗം എഴുതിവെച്ചു. സര്‍ സി.പി.ക്കെതിരെ പ്രക്ഷോഭം നടക്കുന്ന കാലമാണ്. അങ്ങനെ പ്രസംഗിച്ചാല്‍ ഉപ്പാപ്പനെ പൊലീസ് പിടിച്ചു കൊണ്ടുപോകാം. അതുപേടിച്ച് ഞാന്‍ ആ പ്രസംഗം എടുത്ത് കീറിക്കളഞ്ഞു. ആറ് വയസ്സാണ് അന്ന്. അപ്പോള്‍ ചാക്കോ സാര്‍ പറഞ്ഞു, എന്നാല്‍ പെണ്ണമ്മ പ്രസംഗിച്ചാല്‍ മതി. എന്നെ പെണ്ണമ്മ എന്നാണ് വീട്ടുകാര്‍ വിളിക്കുന്നേ. നീ പ്രസംഗിച്ചാല്‍ നിന്നെ പൊലീസ് പിടിച്ചു കൊണ്ടുപോകത്തില്ല. നീ കൊച്ചല്ലേ? അങ്ങനെ യോഗസ്ഥലത്ത് മേശപ്പുറത്ത് കയറ്റിനിര്‍ത്തി എന്നെക്കൊണ്ട് പ്രസംഗിപ്പിച്ചു. സര്‍ സി.പി. നാടുവിടണം, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടണം എന്നൊക്കെയാണ് പ്രസംഗിച്ചത്. സ്വാതന്ത്ര്യസമര സേനാനികളെയൊക്കെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരെ വിട്ടയയ്ക്കണമെന്നൊക്കെ ആവശ്യപ്പെട്ട് മുതിര്‍ന്നവര്‍ നടത്തുന്ന സമരത്തിനൊക്കെ ഒരുപാട് പോയിട്ടുണ്ട്.

പൊലീസുകാര്‍ വരും. വലിയവരെയൊക്കെ അവര്‍ അറസ്റ്റ് ചെയ്യും. വീട്ടില്‍ വന്നാല്‍ എന്നോടാണ് പൊലീസുകാര്‍ ചോദിക്കുക. അവരൊക്കെ എന്ത്യേടീ എന്ന്. ഞാന്‍ അറിയില്ലെന്ന് പറയും. നേതാക്കളൊക്കെ നിലവറയില്‍ കാണും. ചുറ്റും കാടുപിടിച്ച റബര്‍തോട്ടമാണ്. പൊലീസുകാര്‍ അവിടേക്ക് കല്ലുപെറുക്കി എറിയും. നേതാക്കന്മാര്‍ തോട്ടത്തില്‍ ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കാനാണ്.
രണ്ടാം ക്ലാസ്സിലൊക്കെ പഠിക്കുമ്പോള്‍ സ്വാതന്ത്ര്യസമരക്കാര്‍ വന്ന് ക്ലാസ്സില്‍നിന്ന് വിളിച്ചിറക്കും. ഏറ്റവും മുന്നില്‍ കൊടിയൊക്കെ പിടിപ്പിച്ച് എന്നെ നിര്‍ത്തും. എനിക്ക് വലിയ ആവേശമാണ്. എന്റെ ഉപ്പാപ്പനുള്ളതുകൊണ്ട് എനിക്ക് വലിയ ധൈര്യമാ. മാഷമ്മാരൊന്നും ഇറങ്ങാന്‍ സമ്മതിക്കുകേല. അങ്ങനെ കൊടിപിടിച്ച് ഒരുപാട് ജാഥയ്ക്ക് പോയിട്ടുണ്ട്.

അക്കാമ്മ ചെറിയാനും എന്റെ ഓര്‍മയിലുള്ള വലിയ നേതാവാണ്. മീറ്റിങ്ങിനൊക്കെ പോകുമ്പോള്‍ അവരുടെ കൈപിടിച്ച് ഞാന്‍ ഇങ്ങനെ നടന്നതൊക്കെ ഓര്‍മയുണ്ട്. അവരും തറവാട്ടില്‍ വരുമായിരുന്നു. ആനിക്കാട്ടെ സ്‌കൂളിലാണ് ആദ്യം ഞാന്‍ പ്രസംഗിച്ചത്. ഉപ്പാപ്പന്‍ പിന്നെയും പലേടത്തും പ്രസംഗത്തിനും സമരത്തിനുമൊക്കെ എന്നെ കൊണ്ടുപോകുമായിരുന്നു. പിന്നീട് കല്യാണമൊക്കെ കഴിഞ്ഞശേഷം വിമോചന സമരകാലത്ത് വില്ലേജ് ഓഫീസ് പിക്കറ്റിങ്ങിനൊക്കെ പോയിരുന്നു. മൂത്തമകന്‍ കുഞ്ഞാണ്. എന്റെ മടിയിലിരുന്ന് അവനും മുദ്രാവാക്യം വിളിക്കുന്നുണ്ട്. 'മുണ്ടച്ചേരി മുയ്യട്ടെ, മുണ്ടച്ചേരി മുയ്യട്ടെ' എന്ന്. സമരത്തിന് ലീല ദാമോദര മേനോന്‍ ഉണ്ടായിരുന്നു. അവരുടെ കഴുത്തിലുണ്ടായിരുന്ന ഖദര്‍ഷാള്‍ അവര്‍ കുഞ്ഞിന്റെ കഴുത്തിലിട്ടുകൊടുത്തു. ഭാവിയില്‍ വലിയ കോണ്‍ഗ്രസ്സുകാരനാകട്ടെ എന്ന് ആശീര്‍വദിച്ചു. ലീല ദാമോദര മേനോന്‍ അന്ന് എം.പിയാണ്.

സത്യത്തില്‍, കെട്ടിച്ച വീട്ടുകാര് ഇതിനൊന്നും വിടുകേല. ഉപ്പാപ്പനെ അമ്മായിയപ്പന് വലിയ ബഹുമാനമാ. അവരും കോണ്‍ഗ്രസ്സുകാരാണ്. കയ്യുന്നപാറയിലേക്കാണ് എന്നെ കെട്ടിച്ചേ. ദേവസ്സിയാണ് ഭര്‍ത്താവ്. ഉപ്പാപ്പന്‍ വന്നുപറയുമ്പോള്‍ അമ്മായിയപ്പന്‍ എന്നെ സമരത്തിനും മീറ്റിങ്ങിനുമൊക്കെ വിടും. അങ്ങനെ ഞാന്‍ കൊച്ചിനെയുമെടുത്ത് ചെല്ലും. വിമോചനസമര കാലത്ത് പലേടത്തും പ്രസംഗിച്ചിട്ടുണ്ട്.
ഞാന്‍ ഇന്നും അടിയുറച്ച കോണ്‍ഗ്രസുകാരിയാണ്. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഞാന്‍ മുമ്പ് മത്സരിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം ആദ്യം നടപ്പാക്കിയ തെരഞ്ഞെടുപ്പില്‍. ഏഴാം വാര്‍ഡിലാണ് ഞാന്‍ നിന്നത്. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായ സമയം. ഐ കോണ്‍ഗ്രസും ആന്റണി കോണ്‍ഗ്രസും. ഐ കോണ്‍ഗ്രസും മുസ്‌ലിം ലീഗുകാരും കൂടി ഏലിയാമ്മ സേവ്യറിനെ നിര്‍ത്തി. ഞാന്‍ ആന്റണി കോണ്‍ഗ്രസിന്റെ സീറ്റിലാണ് നില്‍ക്കുന്നത്. പിന്നീട് പിന്‍വലിക്കാന്‍ നോക്കിയെങ്കിലും ആരും സമ്മതിച്ചില്ല. വിമത ലീഗും മാര്‍ക്‌സിസ്റ്റുകാരും ചേര്‍ന്ന് ഭാര്‍ഗ്ഗവിയേയും നിര്‍ത്തി. ജനതാ പാര്‍ട്ടിയുടെ ഒരാളും നിന്നിരുന്നു. ഇന്ദിര ടീച്ചര്‍. മൊത്തം നാല് പേര്‍. മാര്‍ക്‌സിസ്റ്റുകാരുടെ കൂടെ സഖ്യമാകാമെന്ന് പറഞ്ഞു സിറിയക് ജോണൊക്കെ വിളിച്ചിരുന്നു. വേറെയും നേതാക്കള്‍ ബന്ധപ്പെട്ടു. ഞാന്‍ ഉറച്ച കോണ്‍ഗ്രസാ. ഇടതുപക്ഷത്തിന്റെ കൂടെ കൂടി എനിയ്ക്ക് ജയിക്കേണ്ടെന്ന് പറഞ്ഞു. തോറ്റാല്‍ തോറ്റോട്ടെ. അതിന്റെ മൂല്യം നശിപ്പിച്ച് എനിയ്ക്ക് നില്‍ക്കാന്‍ ഒക്കുകേല. നേതാക്കന്മാരൊക്കെ വന്ന് ഒത്തിരി ഉപദേശിച്ചു. കെട്ടിവെച്ച കാശ് കിട്ടില്ലെന്ന് വരെ പറഞ്ഞു. പൈസ പോയാല്‍ നമുക്ക് നാണക്കേടാണെന്നും. ഞാന്‍ പറഞ്ഞു, കെട്ടിവെച്ച പൈസാ പോകാതെ ഞാന്‍ നോക്കിക്കോളാം. അവസാനം മൂന്ന് വോട്ടിന് ഞാന്‍ തോറ്റു. ഭാര്‍ഗ്ഗവിയാണ് ജയിച്ചത്. എനിയ്ക്ക് രണ്ടാം സ്ഥാനം. വ്യക്തിപരമായ വോട്ടുകളാണ് എനിയ്ക്ക് കിട്ടിയതേറെയും.
എന്റെ അപ്പന്‍ എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് മലബാറിലോട്ട് പോരുന്നേ. ഉപ്പാപ്പന്‍ എന്നെ അപ്പനൊപ്പം വിട്ടില്ല. നീ ഇവിടെ നിന്നോ. മലബാറില്‍ സ്‌കൂളൊന്നും കാണത്തില്ല. നിനക്ക് ഇവിടെനിന്ന് പഠിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പോന്നില്ല. കോഴിക്കോട് മുക്കത്തിനടുത്ത് വാലില്ലാപ്പുഴയില്‍ അതിരമ്പുഴ മുസ്‌ലിയാരുടെ 1500 ഏക്കര്‍ സ്ഥലമുണ്ട്. അവിടെ റബര്‍ വെക്കണമെന്ന് പറഞ്ഞ് മുസ്‌ലിയാര്‍ അപ്പനെ കൂട്ടിക്കൊണ്ടുവരികയാണ്. മുസ്‌ലിയാരുടെ സൂപ്രണ്ടായാണ് അപ്പന്‍ ഇവിടെ എത്തുന്നേ. 1947-ലാണ് അത്.
ആ സമയത്ത് എന്റെ കുഞ്ഞുപ്പാപ്പനും മുസ്‌ലിയാരുടെ മരുമകന്‍ തമ്പി റാവുത്തറും തമ്മില്‍ കുരുമുളക് കച്ചവടമുണ്ടായിരുന്നു. അതില്‍ നഷ്ടം വന്നപ്പോള്‍ അത് നികത്താന്‍ വാലില്ലാപ്പുഴയിലെ 200 ഏക്കര്‍ സ്ഥലം എന്റെ ഇച്ചായന്റെ പേരില്‍ എഗ്രിമെന്റ് എഴുതിക്കൊടുത്തു. ഏക്കറിന് 100 രൂപ വിലയ്ക്ക്. അതില്‍ പത്ത് ഏക്കര്‍ പള്ളിക്കും പത്ത് ഏക്കര്‍ പാവപ്പെട്ടവര്‍ക്കും കൊടുക്കണമെന്ന് കരാറില്‍ പറഞ്ഞിരുന്നു. പിന്നീട് കുടിയേറി വന്നവര്‍ക്കൊക്കെ അപ്പന്‍ ഈ സ്ഥലം വീതിച്ചു വില്പന നടത്തി.

സെന്റ് വിന്‍സെന്റ് കോളനിയിലുണ്ടായിരുന്ന സിസ്റ്ററെ കുറിച്ച് പറഞ്ഞില്ലേ? അവരുടെ ഉടുപ്പിടീലിന് വന്നതായിരുന്നു അപ്പന്‍. 1945-ലാണ് സിസ്റ്റര്‍ കോഴിക്കോട്ടേക്ക് വന്നത്. 1947-ലായിരുന്നു ഉടുപ്പിടീല്‍. അപ്പന്‍ വന്നതിനു പിന്നാലെ ഒമ്പത് കുടുംബങ്ങള്‍ കൂടി ഞങ്ങളുടെ നാട്ടില്‍നിന്ന് വന്നിരുന്നു. കഷ്ടപ്പാടായിരുന്നു അന്ന്. കൃഷിയൊക്കെ കാട്ടുപന്നികള്‍ നശിപ്പിക്കും. രോഗങ്ങളും. എട്ട് കുടുംബങ്ങളും തിരികെ പോയി. ഉപ്പാപ്പന്മാരൊക്കെ നിര്‍ബന്ധിച്ചു പറഞ്ഞെങ്കിലും അപ്പന്‍ തിരിച്ചുപോയില്ല. ഒന്നിച്ചുവന്നവരില്‍ ഒരു കുടുംബം മാത്രം അപ്പനൊപ്പം നിന്നു.

അപ്പന്‍ വന്നപ്പോള്‍ ഞാന്‍ ഒഴികെ ബാക്കി എല്ലാ മക്കളും വന്നു. ഞാന്‍ അവിടെതന്നെനിന്ന് പഠിച്ചു. സ്‌കൂള്‍ അടയ്ക്കുമ്പോള്‍ ഞാന്‍ വന്നുപോകും. അമ്മയും ആങ്ങളമാരും അനിയത്തിമാരുമൊക്കെ അപ്പന്റെ കൂടെ വന്നു. തറവാട്ടില്‍ എല്ലാവരും ചേര്‍ന്ന് കൊഞ്ചിച്ചു വളര്‍ത്തിയതാണ് എന്നെ. ഉപ്പാപ്പന്മാര്‍ക്കൊന്നും എന്നെ പറഞ്ഞുവിടാന്‍ മനസ്സ് വരികേല. അതാണ് കാര്യം.

അപ്പന്‍ പോരുമ്പോള്‍ ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഇവിടെ സ്‌കൂള്‍ ഇല്ല. അതുകൊണ്ട് അവിടെനിന്ന് ആനിക്കാട് സ്‌കൂളില്‍ത്തന്നെ പഠിക്കുകയായിരുന്നു. ആനിക്കാട് അന്ന് ഹൈസ്‌കൂള്‍ ഇല്ല. ചെങ്ങളത്തേ ഉള്ളു. എട്ടാംക്ലാസ്സില്‍ ഒരു വര്‍ഷം ഇരുന്നപ്പോഴേക്കും കല്യാണമായി. ഞാന്‍ ഇവിടെ വരുന്നത് 1974-ലാണ്. ഭര്‍ത്താവും മക്കളുമൊക്കെയായി. അപ്പന്റെ പെങ്ങളുടെ മകനോ മറ്റോ എടുത്ത സ്ഥലമാണ് പിന്നീട് ഞങ്ങള്‍ വാങ്ങിയത്. അവര് വെച്ച തെങ്ങുകളൊക്കെ ഞങ്ങള്‍ വരുമ്പോഴേക്കും കായ്ച്ചു തുടങ്ങിയിരുന്നു.

ഇവിടെ വന്നപ്പോള്‍ ഞാന്‍ പശുവിനെ മേടിച്ചു വളര്‍ത്തി. പിള്ളാരൊക്കെ വലുതാകുമ്പോള്‍ അവരെയൊക്കെ രക്ഷപ്പെടുത്തണമല്ലോ. ഒന്നിനും സമയമില്ല. ആ സമയത്ത് പുറത്തേക്ക് ഒന്നും ഇറങ്ങാറില്ല. വീട്ടില്‍ തന്നെ ഒതുങ്ങി. പിള്ളാരൊക്കെ വലുതാകട്ടെ എന്നു കരുതി. പശുവിന്റെ പാലു കറന്ന് വിറ്റ് കുടുംബം പോറ്റി. അത് കുടുംബം പോറ്റാനുള്ള എന്റെ പങ്കായിരുന്നു. ഭര്‍ത്താവ് കൃഷി കാര്യങ്ങളുമായി കഴിഞ്ഞു. വാങ്ങുമ്പോള്‍ തന്നെ ഞങ്ങളുടെ സ്ഥലത്ത് തെങ്ങ് വിളവെത്തിയിരുന്നു. പിന്നെ റബര്‍ വെച്ചു. കോട്ടയത്തു നിന്ന് നല്ല ഇനം റബര്‍ തൈകള്‍ കൊണ്ടു വന്ന് ഈ ഭാഗത്ത് ആദ്യമായി നഴ്‌സറി തുടങ്ങിയത് എന്റെ ഭര്‍ത്താവാണ്. ആദ്യ കാലത്ത് കഷ്ടപ്പാടായിരുന്നു. ആ സമയത്ത് ഒന്നിനും പോയില്ല. ഇളയ മകന് ചില്ലറ അസുഖങ്ങളൊക്കെയുണ്ടായിരുന്നു. അവനെ ചികിത്സിച്ച് കടം മൂത്തപ്പോഴാണ് നാട്ടിലെ സ്ഥലം 12,000 രൂപയ്ക്ക് വിറ്റ് മലബാറിലോട്ട് വണ്ടി കയറിയത്.

ഇപ്പോള്‍ മക്കളൊക്കെ നല്ല നിലയിലായി. ഒക്കെ മലബാറിലെ മണ്ണിന്റെ പുണ്യം. മാതാവിന്റെ കൃപ. കൊന്തയെന്തിച്ച് എന്നും പ്രാര്‍ഥിക്കും. അത് കര്‍ത്താവ് കാണാതിരിക്കില്ല. മൂത്ത മകന്‍ ജോസഫ് സെബാസ്റ്റ്യന്‍ ഒളവണ്ണ സ്‌പെഷല്‍ ഗ്രേഡ് പഞ്ചായത്തിലെ അസി. എന്‍ജിനീയറാണ്. രണ്ടാമത്തെ മകന്‍ ജോസഫ് മിലിട്ടറിയില്‍ മെക്കാനിക്ക് ആയിരുന്നു. പിരിഞ്ഞു പോന്നു. മകള്‍ എല്‍സമ്മ മുക്കം ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ സെക്രട്ടറി. മറ്റൊരു മകള്‍ മേരിക്കുട്ടി ബാംഗ്ലൂരിലാണ്. ഭര്‍ത്താവിനോടൊപ്പം ബിസിനസാണ് അവിടെ. ഇനിയൊരു മകള്‍ ഷേര്‍ളി മുക്കത്തു തന്നെയുണ്ട്. അവരുടെ ഭര്‍ത്താവിനും ബിസിനസാണ്.

ഞാന്‍ കുഞ്ഞായിരിക്കുമ്പോഴാണ്, വല്യമ്മച്ചിയെ ഒരിക്കല്‍ തേളുകുത്തി. നീരു കുത്തി വേദനയായി. ഞാന്‍ പറഞ്ഞില്ലേ, പിറ്റത്താങ്കലെ വലിയ തറവാട്ടിലാണ് അപ്പന്റെ ഏറ്റവും ഇളയ അനിയന്‍. ആ ചിറ്റപ്പനാണ് അന്ന് വിഷഹാരി. അദ്ദേഹത്തിന്റെ അടുത്തുചെന്ന് എന്നാ മരുന്നെന്ന് ചോദിക്കാന്‍ ചൂട്ടും കത്തിച്ച് ഞാനും എന്റെ ഒരു കുഞ്ഞമ്മയും കൂടിയാ ചെന്നേ. ഈ ചിറ്റപ്പനെ ഉറങ്ങിയാല്‍ പിന്നെ വിളിക്കുകേല. പിള്ളാരാകുമ്പോ കുഴപ്പമില്ല. ഞാന്‍ കുഞ്ഞല്ലേ. പന്ത്രണ്ടു വയസ്സോ മറ്റോ കാണും. ഞാന്‍ ചെന്നു വിളിച്ചു. വല്യമ്മച്ചിയെ തേളു കുത്തിയെന്ന് പറഞ്ഞു. പുള്ളി എഴുന്നേറ്റ് പഴയൊരു ഗ്രന്ഥം എടുത്തുതന്നു. ചെറുതാണ്. നീ ഇതു കൊണ്ടുപോയി വായിച്ചിട്ട്, നീ തന്നെ മരുന്നു ചെയ്യ് എന്ന് പറഞ്ഞു. നീ പഠിക്ക്യേം ചെയ്‌തോ. എനിക്കോ വയസ്സായി എന്നും പറഞ്ഞു. ഗ്രന്ഥവുമായി ഞാന്‍ വീട്ടിലെത്തി. തേള്‍ വിഷത്തിന് നറുനെയ്യ് ഇന്തുപ്പ് പൊടിച്ചിട്ട് ചൂടാക്കി ധാരകോരിയാല്‍ മതിയെന്ന് അതിലെഴുതിയിട്ടുണ്ട്. അതു ചെയ്തു. നീരു കുറഞ്ഞു വേദനപോയി. ആ പാരമ്പര്യപുസ്തകം വായിച്ചത് കുറേ ഓര്‍മയിലുണ്ട്. പുസ്തകം ചെതലു പിടിച്ചും കീറിയുമൊക്കെ പോയി. വായിച്ചു പഠിച്ചതൊക്കെ ചിതലരിക്കാതെ ഇപ്പോഴും ഓര്‍മയുണ്ട്.

പിന്നെ മാതളനാരകത്തിന്റെ തോടുമൊക്കെയായി ഒരുപാട് മരുന്നുകള്‍ അതില്‍ പറയുന്നുണ്ട്. പാമ്പു കടിച്ചാല്‍ അന്നേരംതന്നെ ആര്യവേപ്പിന്റെ ഇലയും കുരുമുളകും ചവച്ചുതിന്നാല്‍ മതി. വായിലിട്ട് ചവച്ചാല്‍ തലയില്‍ വിഷം കയറുകേലെന്നാ ആ പുസ്തത്തില്‍ പറയുന്നേ. വായിലിട്ടു ചവയ്ക്കുമ്പോള്‍ മധുരം വന്നാല്‍ തലയില്‍ വിഷം കയറിയിട്ടുണ്ട്. മധുരമല്ല, എരിവും കയ്പുമാണ് വരുന്നതെങ്കില്‍ വിഷം തലയില്‍ കയറിട്ടില്ല. അപ്പോള്‍ നമ്മള്‍ ചെയ്യുന്ന മരുന്ന് എന്നാ ആണെന്ന് ചോദിച്ചാല്‍ കവിരാജിന്റെ വായുഗുളിക പറ്റും. അതും ആര്യവേപ്പിന്റെ ഇലയും കുരുമുളകും കൂടി അരച്ചുകൊടുത്താല്‍ മതി. പിന്നെ നമ്മള്‍ ഉണ്ടാക്കുന്ന ഗുളികയുണ്ട്. അത് ഈ ആര്യവേപ്പിന്റെ ഇല, ചതകുപ്പ, മാതളനാരകത്തിന്റെ തോട് ഒക്കെ കൂട്ടിച്ചേര്‍ത്ത് അരച്ചുണ്ടാക്കുന്നതാണ് ഗുളിക. അത് ചുടുവെള്ളത്തില്‍ കലക്കി കുടിക്കാന്‍ കൊടുക്കും. അത് ഗൃഹവൈദ്യത്തിലെ പ്രാഥമിക ചികിത്സയാണ്. എന്നിട്ട് മെഡിക്കല്‍ കോളേജിലോ മറ്റോ വിടാം. പാമ്പു കടിച്ചാല്‍ പക്ഷേ, കുരുമുളകാണ് ഏറ്റവും നല്ല മരുന്ന്. നമ്മുടെ കുരുമുളക് മുഴുവന്‍ കയറ്റി അയയ്ക്കുകയല്ലേ? കുരുമുളകിന്റെ ഒരു തുള്ളി എസന്‍സ് കിട്ടിയാല്‍ മതി. പത്ത് തുള്ളി ചുടുവെള്ളത്തില്‍ അത് ചാലിച്ചു കൊടുത്താല്‍ ഏത് വിഷവും അപ്പോള്‍ പോകും. മൂര്‍ഖന്റെ വിഷം പോലും പോകും. പക്ഷേ, നമുക്ക് അത് കിട്ടുകേല. അത് വിദേശത്തുനിന്ന് വരുത്തണം. അതേ കിട്ടുകയുള്ളൂ. നമ്മുടെ ഡി.ഡി.ടി അടിച്ച കുരുമുളകൊന്നും അതിന് പറ്റുകേല. നല്ല അരി കുരുമുളക് എടുത്തിട്ട്, വിദേശത്തേക്ക് അയച്ചിട്ട് അതിന്റെ എസന്‍സ് എടുത്ത് നമുക്ക് തിരിച്ചുതരുന്നു. ഇതിന്റെ പേറ്റന്റ് അവര്‍ക്കാണ്. അതാണ് ഇവര്‍ പാമ്പു വിഷത്തിന് കൊടുക്കുന്നത്.

തഴയ്ക്കാമറ്റത്തെ വേറൊരു ചിറ്റപ്പനുണ്ട്. മഞ്ഞളേലി കുഞ്ഞപ്പന്‍ ചിറ്റപ്പന്‍ എന്നു പറയും. മൂപ്പര്‍ക്കാണ് വലിയ ചിറ്റപ്പന്‍ മരിക്കുമ്പോള്‍ ചികിത്സാ വിധികളും പുസ്തകക്കെട്ടുകളുമൊക്കെ കൈമാറിയത്. പുള്ളിയാണ് പിന്നെ ആനിക്കാട്ട് വിഷഹാരിയായി ചെയ്തുകൊണ്ടിരുന്നത്. കുഞ്ഞപ്പന്‍ ചിറ്റപ്പന്‍ മരിക്കുന്നതിന് മുമ്പ് ഞാന്‍ ചെന്നപ്പോള്‍ പത്ത് പാമ്പ് കടിച്ചാല്‍ കൊടുക്കാനുള്ള മരുന്ന് പെണ്ണമ്മയ്ക്ക് തരാമെന്ന് പറഞ്ഞു. ഇത് കുരുമുളകിന്റെ എസന്‍സാണെന്ന് പറഞ്ഞ് എനിക്ക് തന്നു. വണ്ടനാനിക്കലെ ഏതോ ചെറുക്കന്‍ അമേരിക്കയില്‍നിന്ന് വന്നപ്പോള്‍ പുള്ളിക്ക് കൊടുത്തതാണ്. രണ്ടു മാസം നിന്നാല്‍ ചികിത്സ മുഴുവന്‍ എന്നെ പഠിപ്പിക്കാമെന്ന് പറഞ്ഞു. എനിക്ക് ഒഴിവില്ലായിരുന്നു. ഞാന്‍ നിന്നില്ല. പുള്ളി കുറേയൊക്കെ പറഞ്ഞുതന്നു. മരുന്നുവാങ്ങി ഞാന്‍ തിരിച്ചുപോന്നു. ആ മരുന്ന് ഞാന്‍ എട്ടുകാലി വിഷം തീണ്ടിയ ഒരാള്‍ക്ക് കൊടുത്തു. ഫലിച്ചു. നൂറാംതോട്ടു നിന്നുള്ള ഒരു പയ്യനാ. എട്ടുകാലി കടിച്ച് മുഖം മുഴുവന്‍ ചൊറിഞ്ഞുതടിച്ച് വന്നതാണ്. നാലു തുള്ളി ചുടുവെള്ളത്തില്‍ കുടിക്കാനും പഞ്ഞിയില്‍ മുക്കി മുഖം തുടയ്ക്കാനും പറഞ്ഞു. പിന്നെ നന്നാറിയുടെ കിഴങ്ങ്, പറത്താളിയുടെ കിഴങ്ങ്, തഴുതാമ, തുളസി ഇതൊക്കെയിട്ട് കഷായംവെച്ചു കഴിക്കാന്‍ പറഞ്ഞു. അവന് നല്ല പോലെ ഭേദമായി. ഈയിടെ അവന്‍ എന്നെ കാണാന്‍ വന്നിരുന്നു.

ചെറുപ്പത്തില്‍ ചിറ്റപ്പന്റെ പുസ്തകം കൊണ്ടുവന്ന് തേള്‍വിഷത്തിന് മരുന്നുവെച്ചപ്പോള്‍ അമ്മച്ചിയുടെ നീര് മൊത്തം പോയെന്ന് പറഞ്ഞില്ലേ? ഞാന്‍ പിന്നെ ആര്‍ക്കും ചികിത്സിച്ചൊന്നുമില്ല. ചിറ്റപ്പന്‍ താഴെയുണ്ട്. എല്ലാവരും അങ്ങേരുടെ അടുത്താണ് വരുന്നത്. വിഷ ചികിത്സയുടെ ഓരോ കാര്യങ്ങള്‍ അദ്ദേഹം രോഗികളോടും ബന്ധുക്കളോടും പറയുന്നത് ഞാന്‍ കേട്ടിരിക്കും. അതൊക്കെ എന്റെ മനസ്സിലുണ്ടാകും. ഞാന്‍ ആര്‍ക്കും ചെയ്യുന്നില്ല. ഇപ്പോഴും പാമ്പു വിഷത്തിന് ചെയ്യുന്നില്ല. തീരെ പറ്റാതെവരുമ്പോള്‍ ചിലര്‍ക്ക് ചെയ്യുന്നുണ്ട്. അത് മാറുന്നുമുണ്ട്.
എന്റെ വല്യപ്പന്‍ ഔഷധച്ചെടികള്‍ വെച്ചുപിടിപ്പിക്കുമായിരുന്നു. കണ്ണില്‍ ജാതിയും ചീമ്പയുമൊക്കെ വരുമ്പോള്‍ വല്യപ്പന്‍ പച്ചമരുന്നു പിഴിഞ്ഞു കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചീമ്പ വരുന്നവര്‍ക്ക് പൂവാന്‍കുരുന്നിലയുടെ ഇലയും നല്ല ജീരകവും ചേര്‍ത്ത് ചതച്ച് മുലപ്പാല്‍ ചേര്‍ത്ത് പിഴിയും. അത് ഞാന്‍ കണ്ടിട്ടുണ്ട്. മൂപ്പര് ഈ പൂവാന്‍കുരുന്നില പറിക്കുന്നത് കാണിക്കുകേല. ജാതി വരുന്നവര്‍ പനിച്ചേന്റെ മൊട്ടും നല്ല ജീരകവും പശുവിന്‍ പാലില്‍ ചേര്‍ത്ത് പിഴിയും. ഈ മരുന്നെല്ലാം പിഴിയുമ്പോള്‍ ആളുകള്‍ക്ക് ഭേദമാകുന്നുണ്ട്, അന്നത്തെ കാലത്ത്. അത് നമ്മള്‍ കാണുന്നുണ്ടല്ലോ. മഞ്ഞപ്പിത്തക്കാര്‍ക്ക് പെരിങ്ങലത്തിന്റെ വടക്കോട്ടുള്ള വേര് കത്തി തൊടാതെ പറിച്ചെടുത്ത് പുറംതൊലി കൈകൊണ്ട് ചുരണ്ടിക്കളഞ്ഞിട്ട് അടര്‍ത്തിയെടുത്ത്, ആ അടര്‍ത്തിയെടുക്കുന്ന സാധനത്തില്‍ കോഴിച്ചോര ചേര്‍ത്തിട്ടാണ് കൊടുക്കുന്നത്, അന്ന്. ഇതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. പഠിച്ചിട്ടുണ്ട്. ഒളിച്ചു നിന്നാണെങ്കിലും പഠിച്ചു. പക്ഷേ, ആര്‍ക്കും ചെയ്തിട്ടില്ല.

വല്യപ്പന്റെ ഔഷധച്ചെടിത്തോട്ടം വലിയ തോട്ടമാണ്. പഴയ ഇല്ലിക്കല്‍ തറവാട്ടിലെ മുറ്റം നിറയെ ചെടികളാണ്. ആ തോട്ടത്തിലെ ഓരോ ചെടിയും എനിക്കറിയാം. ഏത് ചെടി കണ്ടാലും എനിക്കറിയാം. ചെറുപ്പം തൊട്ടേ പഠിച്ചതാണ്. പിന്നീട് ഒന്നും നട്ടിട്ടുമില്ല. പഠിച്ചിട്ടുമില്ല. അങ്ങനെ ഇങ്ങോട്ട്, മലബാറിലോട്ട് പോരുകയാണ്. ഇവിടെ വന്ന് പിള്ളാരും പ്രശ്‌നങ്ങളുമൊക്കെയായില്ലേ? പിള്ളാരുടെ പഠിത്തവും പോക്കും വരവുമൊക്കെയായി നമുക്ക് ഒന്നിനും നേരമില്ല. ഇടക്കാലത്ത് ഞാന്‍ ഒന്നും ചെയ്തിരുന്നില്ല. വെറും വീട്ടുകാര്യങ്ങള്‍.
ചെറിയ മകന്‍ ബെന്നി ഉണ്ടായപ്പോള്‍ മുതല്‍ എന്നും ശ്വാസം മുട്ടും പനിയുമാണ്. ഒരുപാട് ഇംഗ്ലീഷ് മരുന്നു ചെയ്തു. എന്നും കുത്തിവെക്കും. ഇവനാണെങ്കില്‍ ആശുപത്രിയില്‍ ചെന്നുകയറുന്നതു തന്നെ പേടിയാണ്. മിഠായിയൊക്കെ കൊടുത്താണ് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. എന്റെ പിറ്റത്താങ്കല്‍ പെട്ട ഒരു പി.എ. എബ്രഹാം ശ്രീചിത്തിരയില്‍ ഡോക്ടറാണ്. ചിറ്റപ്പന്‍ വന്ന ഒരുദിവസം ഞാന്‍ ഓടിച്ചെന്ന് കൊച്ചിന്റെ കാര്യം പറഞ്ഞു. ഈ ശ്വാസം മുട്ടല്‍ മൂന്ന്, മൂന്നര വയസ്സായാലേ മാറൂ എന്ന് അദ്ദേഹം പറഞ്ഞു. മൂന്നര വയസ്സായാല്‍ ശ്രീചിത്തിരയില്‍ കൊണ്ടുപോയി ഓപ്പറേഷന്‍ ചെയ്യാം. അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റുകേല. എണ്ണതേക്കരുത്, കുളിപ്പിക്കരുത്, കരയിപ്പിക്കരുത് എന്നും പറഞ്ഞു. അവന് രണ്ടര വയസ്സാകുമ്പോഴാണ് ഇവിടെ വരുന്നത്. അപ്പോഴും അവനെ കുളിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല. ഞാന്‍ പറഞ്ഞില്ലേ മോനെ ചികിത്സിച്ച് ഒരുപാട് കടം വന്നപ്പോഴാണ് സ്ഥലം വിറ്റ് ഞങ്ങള്‍ ഇങ്ങോട്ട് പോന്നതെന്ന്.
ആരെങ്കിലും മരിച്ചൂന്ന് കേട്ടാലോ മരണം കണ്ടാലോ അവന് ചങ്കുവേദനിക്കും. വലിയ ടെന്‍ഷനാണ്. അപ്പോള്‍ അപ്പന്‍ അവനെ കടല് കാണിക്കാനൊക്കെ കൊണ്ടുപോകും. ഹാര്‍ട്ടിന് എന്തോ തകരാറുണ്ട്, മരിച്ചുപോകും എന്ന പേടിയാണ് അവന്. ഏതായാലും പനിയും ശ്വാസംമുട്ടുമൊക്കെ മാറി. എസ്.എസ്.എല്‍.സി. യൊക്കെ കഴിഞ്ഞ് അവന്‍ മിടുക്കനായി. നന്നായി പഠിക്കുമായിരുന്നു. ഡോണ്‍ ബോസ്‌കോക്കാരുടെ കൂടെക്കൂടി അച്ചനാകണമെന്നായിരുന്നു അവന്റെ ആഗ്രഹം. അത് അവന് ഒറ്റ നിര്‍ബന്ധം. ഞാന്‍ എത്ര പറഞ്ഞിട്ടും നിക്കുകേല. ഞാന്‍ എന്റെ ആങ്ങളയുടെ മകനെ കൂടെ കൂട്ടി അവനെ വിട്ടു. ആലുവായിലോ മറ്റോ ആക്കാനാണ് ഞാന്‍ പള്ളീലെ അച്ചനോട് പറഞ്ഞത്. പക്ഷേ, അവന് വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും പോകാനായിരുന്നു താത്പര്യം. അടുത്തായാല്‍ എന്നുമെന്നും അമ്മ കാണാന്‍ വരും. അപ്പോള്‍ എനിക്ക് വീടിനെക്കുറിച്ച് ഓര്‍മവരും. മിഷന് പോകുമ്പോള്‍ എനിക്ക് ഈശോയെ തന്നെ സേവനം ചെയ്യണം. അതിന് വീടുവിട്ടുപോകണം. വീട് മറക്കണം. എന്നൊക്കെയാണ് അവന്‍ പറഞ്ഞത്.

മേഘാലയയിലെ തുറയിലായിരുന്നു അവന്‍. അവിടെ പോയി എട്ടു കൊല്ലം നിന്നു. നോവിഷ്യേറ്റ് ഒക്കെ കഴിഞ്ഞു. കുപ്പായമെല്ലാം കിട്ടിക്കഴിഞ്ഞു. വീണ്ടും പഴയ പനി വന്നു. പഴയ പനിയാണെന്ന് ആര്‍ക്കും മനസ്സിലായില്ല. അവിടെ ഭീകരന്മാര്‍ ഒരു അച്ചനെ തട്ടിക്കൊണ്ടുപോയത് ഓര്‍മയില്ലേ? വിട്ടുകിട്ടാന്‍ പണമൊക്കെ ചോദിച്ചു. വലിയ കച്ചറയാ. അന്നൊരു അച്ചനെ കൊന്നു. ഇത് കണ്ട് പേടിച്ചിട്ടുള്ള പനിയാണന്ന് എല്ലാവരും പറഞ്ഞു. നാട്ടില്‍ പോയി ചികിത്സിച്ചു ഭേദമായിട്ടു വന്നാല്‍ മതിയെന്ന് പറഞ്ഞു, അച്ചന്മാര്‍ അവനെ നാട്ടിലോട്ട് പറഞ്ഞുവിട്ടു. ഇവിടെ വന്ന് കോഴിക്കോട് ദേവഗിരി കോളേജില്‍ ചേര്‍ന്നു. ഹോമിയോപ്പതിയും അലോപ്പതിയുമൊക്കെ മാറിമാറി മേടിച്ചുകൊടുക്കുന്നുണ്ട്. പനി കുറഞ്ഞുകൊണ്ടിരുന്നു. ബി.എ. ജയിച്ചപ്പോള്‍ എം.എ.യ്ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ ദേവഗിരി കോളേജില്‍ത്തന്നെ ചേര്‍ന്നു.

എം.എ. പരീക്ഷയെഴുതാന്‍ ഒത്തില്ല. അതിനിടെ വീണ്ടും പനിയായി. അവനാണ് ഞാന്‍ പ്രകൃതിയുടെ ഈ മരുന്നുകള്‍ കൊടുക്കാന്‍ തുടങ്ങിയത്. തുളസിയുടെ ഇലയും ചുവന്ന ഉള്ളിയും പിഴിഞ്ഞ നീര് കൊടുക്കുമ്പോള്‍ ശ്വാസംമുട്ടല്‍ കുറയും. പനിയും മാറും. എട്ട് മണിക്ക് പനിക്ക് ഇത് കൊടുക്കും. പനി മാറും. രാവിലെ പള്ളിയില്‍ പോകും. പിന്നെ ക്ലാസ്സില്‍ പോകും. വയറ്റിലെ മുഴയ്ക്കും അസുഖങ്ങള്‍ക്കുമൊക്കെ തഴുതാമ വെള്ളം തിളപ്പിച്ചു കഴിച്ചാല്‍ മതി. ഞാന്‍ അവന് അങ്ങനെ കൊടുക്കുമായിരുന്നു. അപ്പോള്‍ അവന് കുഴപ്പമില്ല. അങ്ങനെയങ്ങ് പോയിക്കൊണ്ടിരുന്നതാ. അപ്പോഴേക്കും ഇവിടെയുള്ളവര്‍ വഴക്കുതുടങ്ങി. പ്രകൃതിയും വെച്ചോണ്ടിരുന്നാല്‍ എന്തേലും കുഴപ്പമാകുമെന്ന് പറയും. അങ്ങനെ ഡോ. സണ്ണി വര്‍ഗീസിനെ കാണിച്ചു. ശ്വാസകോശ കാന്‍സറാണെന്നായിരുന്നു സംശയം. കോഴിക്കോട്ടെ സഹകരണ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഡോക്ടര്‍ക്ക് അറിയാം രക്ഷപ്പെടുകേലാന്ന്. എന്റെ പ്രകൃതിമരുന്നുകൊണ്ട് രക്ഷപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന് മോനൊരു തോന്നലുണ്ട്. ചികിത്സയിലിരിക്കെ ഡോ. ഇ.കെ. ജോസഫ് വന്നു. അപ്പന്റെ പെങ്ങളുടെ മകനാണ്. വെള്ളിമാടുകുന്നിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞു. അവിടെ ചെന്ന് സ്‌കാന്‍ ചെയ്തുനോക്കിയപ്പോള്‍ ശ്വാസകോശത്തില്‍ അഞ്ച് മുഴയുണ്ട്. അത് മുഴുവന്‍ പഴുത്തിരിക്കുകയാണ്. ആമാശയത്തിലും മുഴയുണ്ട്. യാതൊരു കാരണവശാലും ഇവിടുന്ന് രക്ഷപ്പെടുത്താന്‍ പറ്റില്ലെന്ന് ജോസഫിന് മനസ്സിലായി. ശ്രീചിത്തിരയിലോ തമിഴ്‌നാട്ടിലെ പ്രശസ്തമായ ആശുപത്രിയിലോ പോകാമെന്ന് അവന്‍ പറഞ്ഞു.

അങ്ങനെയാണ് ഞാന്‍ തമിഴ്‌നാട്ടില്‍ പോയത്. അവിടെ ചെന്നപ്പോള്‍ അവന് അങ്ങനെ ഒരു രോഗം തന്നെയില്ലെന്ന് അവര്‍ പറയുന്നു. കോഴിക്കോട്ടെ ഡോക്ടര്‍മാര്‍ ഇങ്ങനെ പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍, ഞങ്ങളുടെ പരിശോധനയില്‍ ഒന്നും കാണുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് ഒരു മുഴ കുത്തിയെടുത്ത് ബയോപ്‌സി ചെയ്തു. വലിയ ഡോക്ടര്‍മാരെല്ലാം നേരിട്ടുചെന്നാണ് പരിശോധിച്ചത്. അപ്പോള്‍ ബ്ലഡ് കാന്‍സറാണെന്ന് കണ്ടെത്തി. വലിയ ഡോക്ടര്‍ എന്നെ വിളിപ്പിച്ചു. അമ്മ ക്ഷമിക്കണം, ഞങ്ങള്‍ക്ക് മനസ്സിലായില്ല, ഇപ്പോഴാണ് കാര്യം വ്യക്തമായത് എന്നുപറഞ്ഞു. ഇവിടെത്തന്നെ നില്ക്കാം. എല്ലാ സൗകര്യവും ചെയ്തു തരാമെന്ന് പറഞ്ഞു.
പിന്നെ അവര്‍ക്ക് പരീക്ഷണമാ. ബ്ലഡ്ഡ് എടുത്ത് അങ്ങോട്ട് അയയ്ക്കുന്നു, ഇങ്ങോട്ട് അയയ്ക്കുന്നു. ഇവന് നേരത്തെ മഞ്ഞപ്പിത്തം ബി വന്നിരുന്നതാ. രണ്ടുമൂന്നു കൊല്ലം മുമ്പ്. അന്ന് അതിന് ചികിത്സയില്ലല്ലോ. അവിടെനിന്ന് കാന്‍സറിനെ കുറിച്ച് ഞാന്‍ ഒരുപാട് പഠിച്ചു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമൊക്കെ ഭയങ്കര കാര്യമാ എന്നെ. എല്ലാ പ്രാര്‍ഥനയ്ക്കും എന്നെ വിളിക്കും. എല്ലാ രോഗികളേയും കാണാനും സംസാരിക്കാനും അനുവദിക്കുമായിരുന്നു. ഒരുപാട് രോഗികളുള്ള ആശുപത്രിയല്ലേ? ഞാന്‍ എല്ലാവരേയും ചെന്നുകാണും. അവരുടെ രോഗത്തിന്റെ തുടക്കവും വളര്‍ച്ചയും ഒടുക്കവുമൊക്കെ ചോദിച്ചറിഞ്ഞു. പഠിച്ചു. അതേപ്പറ്റി ഒരു പുസ്തകം എഴുതിവെച്ചിട്ടുണ്ട്. പ്രകൃതിജീവനം കൊണ്ട് കാന്‍സറിനെ ചെറുക്കാനാകും. അത് ഞാന്‍ ആ പുസ്തകത്തില്‍ പറയുന്നുണ്ട്.

അങ്ങനെ അവിടെ കഴിയുമ്പോഴാണ് തിരുവനന്തപുരത്തുകാരന്‍ ഒരു ഡോക്ടര്‍ പറയുന്നത്, നിങ്ങള്‍ ഇവിടെ നിന്ന് പരീക്ഷണം നടത്തിയിട്ട് ഒരു കാര്യവുമില്ല. കൊച്ച് സ്വന്തം നാട്ടില്‍ പോയി നല്ല വെള്ളം കുടിച്ചോട്ടെ. ഇവിടെ നിന്നിട്ട് രക്ഷപ്പെടുകേലാന്ന്. പരിശോധന കഴിഞ്ഞുവരുമ്പോള്‍ വാതില്‍ക്കല്‍ ചെന്ന് വലിയ ഡോക്ടറെകണ്ട് ഞാന്‍ പറഞ്ഞു, ഡിസ്ചാര്‍ജ് ചെയ്തുതരണമെന്ന്. അവര്‍ സമ്മതിക്കുകേല. ഞാന്‍ വാശിപിടിച്ചപ്പോള്‍ അവര്‍ ഡിസ്ചാര്‍ജ് എഴുതിത്തന്നു. പോരാന്‍ നേരത്ത് അവര്‍ ഒരു കുപ്പി രക്തം കൂടി എടുക്കാന്‍ നോക്കി. ഞാന്‍ സമ്മതിച്ചില്ല. ഇത്രയും ദിവസം രക്തം എടുത്തെടുത്തു മടുത്തു. ഇനി എടുക്കാന്‍ ഒക്കത്തില്ലെന്ന് പറഞ്ഞു. രക്തമെടുക്കുന്നത് ഹെപ്പറ്റൈറ്റിസ് ബി-യുമായി ബന്ധപ്പെട്ട ഏതോ ഗവേഷണത്തിന് അമേരിക്കയിലേക്ക് അയയ്ക്കാനാണ്. ഡോക്ടര്‍മാര്‍ തമ്മില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതൊക്കെ മോന് മനസ്സിലായിരുന്നു. അവന്‍ പറഞ്ഞു. അമ്മച്ചീ, ഒന്നും പറയേണ്ട. അവര്‍ രക്തമെടുത്തോട്ടെ. അതില്‍നിന്ന് വല്ല പരീക്ഷണവും നടത്തി നാളെ പത്ത് രോഗികള്‍ രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെട്ടോട്ടെ. ഞാനോ ഏതായാലും രക്ഷപ്പെടില്ല.

തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അവന്‍ പറഞ്ഞു. അമ്മച്ചിയുടെ പച്ചമരുന്നായിരുന്നേല്‍ ഞാന്‍ കുറേക്കാലംകൂടി ജീവിച്ചേനെ എന്ന്. അവന് അങ്ങനെയൊരു തോന്നലുണ്ട്. ആദ്യകാലം മുതല്‍ പച്ചമരുന്നാണല്ലോ ഞാന്‍ ഇവന് കൊടുത്തുകൊണ്ടിരുന്നത്. വലിയ വിദഗ്ധ ചികിത്സയ്‌ക്കൊക്കെ പോയതുകൊണ്ടാണ് ഇത്രപെട്ടെന്ന് മരണത്തിന് അടുത്തെത്തിയതെന്ന് അവന് തോന്നി. ചെറുപ്പം മുതല്‍ ഒരുപാട് ആന്റിബയോട്ടിക്കും ഇഞ്ചക്ഷനുമൊക്കെ എടുത്തതല്ലേ? ചേട്ടന്‍ പെണ്ണുകെട്ടി മാറിക്കഴിഞ്ഞാല്‍ അമ്മച്ചിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുമെന്നും അപ്പോള്‍ ഈ പച്ചമരുന്നൊക്കെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും അവന്‍ പറഞ്ഞു. അധികം വൈകാതെ മോന്‍ പോയി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അവസാനം. ഞാന്‍ വല്ലാതെ തളര്‍ന്നുപോയി. മരിക്കാന്‍ നേരത്ത് അവന്‍ പറഞ്ഞു. അമ്മച്ചീ, എനിക്ക് പഠിച്ച് അച്ചനാകാന്‍ യോഗമുണ്ടായില്ല. അമ്മച്ചി പാവപ്പെട്ട ആരെയെങ്കിലും പഠിപ്പിച്ച് അച്ചനാക്കണം. അതനുസരിച്ച് എറണാകുളം ജില്ലയിലുള്ള പാവപ്പെട്ട ഒരു പയ്യനെ ഞാന്‍ പഠിപ്പിച്ചു. അവന്റെ പുത്തന്‍ കുര്‍ബാന കഴിഞ്ഞ ജനവരിയില്‍ കഴിഞ്ഞു. മോന്റെ മരണത്തിനുശേഷം പുറത്തൊന്നും പോകാതായി. വീട്ടില്‍ത്തന്നെ ഒരേയിരുപ്പ്. ഓരോരുത്തര്‍ക്ക് ഓരോ വിധിയുണ്ട്. അതുപോലെയൊക്കെ വരുമെന്ന് ഓര്‍ത്ത് സമാധാനിക്കാന്‍ ശ്രമിച്ചു. താമരശ്ശേരി രൂപതയിലെ സി.ഒ.ഡി.യിലെ (സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്‌മെന്റ്) ജോണ്‍ അച്ചനും കൂട്ടരും അങ്ങനെ ഒരുദിവസം വീട്ടില്‍ വന്നു. ഇങ്ങനെ വീട്ടില്‍ ഇരുന്നിട്ട് എന്നാ കാര്യമെന്ന് ചോദിച്ചു. ഞങ്ങളോടൊപ്പം പോരൂ. സോഷ്യലായിട്ട് പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞു. താമരശ്ശേരി രൂപതയുടെ കീഴിലുള്ള സാമൂഹിക സേവന സംഘത്തില്‍ അംഗമാകുന്നത് അങ്ങനെയാണ്. പാവപ്പെട്ടവരെ സഹായിക്കുന്ന സംഘടനയാണ്. പലര്‍ക്കും വീടുവെച്ചുകൊടുത്തു. കക്കൂസുണ്ടാക്കിക്കൊടുത്തു. കുടിവെള്ളമെത്തിച്ചു കൊടുത്തു. മങ്കുഴിക്കര പിതാവുള്ളപ്പോള്‍ തുടങ്ങിയതാ അത്. അവര് പ്രകൃതി പഠിപ്പിക്കുന്നുണ്ട്. അവിടേക്ക് എന്നെ ക്ലാസ്സെടുക്കാന്‍ വിളിച്ചു. എനിക്ക് ഈ ചെടികളും ചികിത്സയുമൊക്കെ അറിയാമല്ലോ. ഉരഗുളിക ഉണ്ടാക്കുന്നത് എനിക്കറിയാം. അപ്പന്‍ ഉണ്ടാക്കുന്നതുകണ്ട് പഠിച്ചതാണ്. കുഞ്ഞുകുട്ടികള്‍ക്ക് ജലദോഷമൊക്കെ വരുമ്പോള്‍ കൊടുക്കുന്നത്. സി.ഒ.ഡി.ക്കാര്‍ ഉരഗുളിക, മുറിവെണ്ണ, ഔഷധ സോപ്പ് ഒക്കെ പഠിപ്പിക്കുന്നുണ്ട്. എബ്രഹാം പിച്ചത്താനി എന്ന പ്രകൃതിചികിത്സകനാണ് ക്ലാസ്സെടുക്കുന്നത്. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസ്. ഞാന്‍ പോകാന്‍ തുടങ്ങി. ഭക്ഷണവും വണ്ടിക്കൂലിയുമൊക്കെ അവര്‍ തരും. നമുക്ക് മുടക്കില്ല. പോയി പഠിച്ചാല്‍ മതി. സി.ഒ.ഡി.യിലൂടെയാണ് ഞാന്‍ വീണ്ടും സജീവമാകുന്നത്. അവര്‍ക്കുവേണ്ടി ആറു വര്‍ഷം ഞാന്‍ ക്ലാസ്സെടുത്തു. മഹിളാ സമാജങ്ങള്‍ക്കും ക്ലാസ്സെടുക്കും. ഭര്‍ത്താവു മരിച്ചതും കാന്‍സര്‍ പിടിച്ചാണ്. രണ്ടായിരാമാണ്ടിലാണ് അദ്ദേഹം പോയത്. എരഞ്ഞിമാക്കല്‍ അങ്ങാടിയില്‍വെച്ച് ഒന്നു വീണതാണ്. എല്ലു പൊട്ടി. ഓപറേഷന്‍ കഴിഞ്ഞു. ഒരു വര്‍ഷത്തേക്ക് നടക്കാന്‍ ഒക്കത്തില്ല. വേദനയ്ക്കുള്ള ഗുളിക ഡോക്ടര്‍ എഴുതിക്കൊടുത്തിരുന്നു. ചീട്ടു കാണിച്ച് ആരുമറിയാതെ അഞ്ചു കൊല്ലം ആ ഗുളിക തിന്നു കഴിച്ചുകൂട്ടി. അത് അങ്ങനെ കഴിക്കരുതെന്ന് ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കത്തില്ല.
കുറേക്കഴിഞ്ഞ് ജലദോഷം വന്നു. മാറുന്നില്ല. കഴുത്തില്‍ ചെവിക്കുതാഴെ ഒരു മുഴ കണ്ടു. പ്രകൃതിമരുന്നു കൊടുത്തു. മാറുന്നില്ല. കൃഷിപ്പണിക്ക് ഡി.ഡി.ടി.യൊക്കെ കൈകാര്യം ചെയ്യുന്നതല്ലേ? അതും കാന്‍സറിന് കാരണമാകും. ഞെക്കിനോക്കിയപ്പോള്‍ മുഴ കല്ലുപോലിരിക്കുന്നു. ഞാന്‍ ജേക്കബ് ഡോക്ടറോടു ചെന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു, മിണ്ടാതെ പോയി വല്ല പണിയും നോക്ക്. ഒരു മുഴയുണ്ടാകുമ്പോഴേക്കും കാന്‍സറാണെന്നും പറഞ്ഞ് വന്നിരിക്കുന്നു. ഡോക്ടര്‍ ചൂടായി. ജലദോഷത്തിന് മരുന്നുതന്നുവിട്ടു.
മെഡിക്കല്‍ കോളേജില്‍ കാണിക്കണമെങ്കില്‍ ഡോക്ടറുടെ കത്ത് വേണം. ഞാന്‍ വീണ്ടും ഡോക്ടറുടെ അടുത്തുചെന്ന് കത്ത് ചോദിച്ചു. താന്‍തന്നെ നോക്കിക്കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചെല്ലാന്‍ പറഞ്ഞു. നീഡില്‍ ബയോപ്‌സി ചെയ്തുകഴിഞ്ഞിട്ട് അദ്ദേഹം പറയുവാ അമ്മച്ചി പറഞ്ഞതു കറക്ടാ, എനിക്ക് അന്നേരം തോന്നിയില്ലെന്ന്. തുടക്കത്തിലേ ആയതുകൊണ്ട് മെഡിക്കല്‍ കോളേജില്‍ പോകേണ്ട. അമലയില്‍ പൊയ്‌ക്കോളൂന്നും പറഞ്ഞു.

ചെറിയ മുഴയല്ലേ? അമലയില്‍ പോയാല്‍ രക്ഷപ്പെടുമെന്നും റേഡിയേഷന്‍ മാത്രം മതിയെന്നുമാ പറഞ്ഞേ. റേഡിയേഷന്‍ തുടങ്ങി അഞ്ചു ദിവസമായപ്പോള്‍ ഞരമ്പുപൊട്ടി. മുഴകള്‍ വ്യാപിച്ചു. പിന്നെ ഒന്നും ചെയ്യാന്‍ ഒക്കത്തില്ല. ഞരമ്പു പൊട്ടിക്കഴിഞ്ഞപ്പോള്‍ ഒരു രക്ഷയുമില്ല. വായില്‍നിന്ന് ചോര. ബക്കറ്റ് നിറയെ ചോര. അന്ന് മരിക്കുമെന്നാണ് കരുതിയത്. എല്ലാവരും വന്നു. ആശുപത്രിയിലായതുകൊണ്ട് രക്ഷപ്പെട്ടു. ആശുപത്രിക്കാരുടെ അനാസ്ഥയൊന്നുമല്ല. ഞരമ്പ് പൊട്ടുന്നത് എപ്പോഴാണെന്ന് അറിയുകേല. മൂപ്പര്‍ക്ക് പണ്ടുകാലം മുതലേ ഒരു ഞരമ്പിന് വേദനയും തകരാറുമുണ്ട്. എന്ത് കണ്ടിട്ടാണെന്നറിയില്ല, റേഡിയേഷന്‍ നടക്കുന്നനേരത്ത് അതങ്ങ് പൊട്ടി.

ഓരോരുത്തര്‍ക്ക് ഓരോ വിധിയുണ്ടല്ലോ. രക്ഷപ്പെടാന്‍ നല്ല ചാന്‍സില്‍ കൊണ്ടുപോയതാ. എന്തുചെയ്യാനൊക്കും? നമ്മുടെ വിധി അങ്ങനെയായിരുന്നു. രണ്ടരവര്‍ഷംകൂടി ചികിത്സിച്ചു. അവസാനം മെഡിക്കല്‍ കോളേജിലായിരുന്നു. പിന്നെ പാലിയേറ്റീവുകാര്‍ വന്നുനോക്കി. അഗസ്ത്യന്‍മുഴി ആശുപത്രീന്നാ മരിക്കുന്നേ. 2000 മാര്‍ച്ച് 26-ന്. എന്റെ രണ്ട് ആങ്ങളമാരും കാന്‍സര്‍ വന്നാ മരിക്കുന്നേ.
മോന്റെ മരണം കഴിഞ്ഞ്, ഞാന്‍ സി.ഒ.ഡി.ക്കാര്‍ക്ക് ക്ലാസ്സെടുക്കാന്‍ പോയെന്ന് പറഞ്ഞില്ലേ? അതിനുശേഷം ഞാന്‍ ചെടികളിലേക്ക് വന്നു. മുറ്റത്തും തൊടിയിലുമൊക്ക ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി. ഔഷധത്തോട്ടം പോലെയാക്കി.

1991 മുതലാണ് ചെടികളെ കുറിച്ച് ക്ലാസ്സെടുക്കാന്‍ പോകാന്‍ തുടങ്ങിയത്. മുക്കത്തെ ബി.പി. മൊയ്തീന്‍ സേവാമന്ദിറാണ് ആദ്യം എന്നെ ക്ലാസ്സെടുക്കാന്‍ വിളിക്കുന്നത്. ചെറുപ്പത്തിലേ എനിക്ക് ചെടിയറിയാമെന്ന് സേവാമന്ദിറിന്റെ ഡയരക്ടര്‍ കാഞ്ചന കൊറ്റങ്ങലിനറിയാം. അതാണ് എന്നെ വിളിച്ചത്. ഔഷധസസ്യങ്ങളെക്കുറിച്ചും ഔഷധസസ്യങ്ങളിലൂടെ പരിസ്ഥിതിമലിനീകരണം എങ്ങനെ തടയാം എന്നതിനെക്കുറിച്ചുമൊക്കെയാണ് അന്ന് ഞാന്‍ ക്ലാസ്സെടുത്തത്. ആ ക്ലാസ് തിരുവനന്തപുരത്തേക്ക് അയച്ചുകൊടുക്കണമെന്ന് പിന്നീട് കാഞ്ചന പറഞ്ഞു. സെന്‍ട്രര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിനു വേണ്ടിയായിരുന്നു അത്. ആ ക്ലാസ്സില്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതി തിരുവനന്തപുരത്തിന് അയച്ചുകൊടുത്തു.

അതുകഴിഞ്ഞു കുമാരനല്ലൂര്‍ സ്‌കൂളിലെ ഹെഡ്മാഷ് ജോസ് മാഷ് എന്നെ വിളിച്ചു. ചെടികളെ പറ്റി ക്ലാസ്സെടുക്കാന്‍. കോഴിക്കോട്ടുനിന്ന് വന്ന വലിയ കൃഷി ഓഫീസറുണ്ട് അവിടെ. സ്‌കൂളില്‍ ഒരുപാട് ഔഷധസസ്യങ്ങളുണ്ട്. തോട്ടം നോക്കാനും ചെടികള്‍ക്ക് പേര് എഴുതിക്കാടുക്കാനുമാണ് എന്നെ വിളിച്ചത്.

ക്ലാസ് കഴിഞ്ഞപ്പോള്‍ കൃഷി ഓഫീസര്‍ എന്നോട് നില്ക്കാന്‍ പറഞ്ഞു. അദ്ദേഹത്തിന് എന്നോട് സംസാരിക്കണം. ഞാന്‍ പറഞ്ഞു, എനിക്ക് വീട്ടില്‍ പോകണം. നേരം അഞ്ചു മണിയായില്ലേ? അദ്ദേഹം കൊണ്ടുവിടാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം കഴിയുന്നതുവരെ ഞാന്‍ കാത്തിരുന്നു. കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ചേച്ചി പറഞ്ഞതെല്ലാം ഞാന്‍ ശ്രദ്ധിച്ചാ നിന്നേ. 65 ചെടികള്‍ ഒരേ നില്പില്‍ നിന്ന് നിങ്ങള്‍ കാണിച്ചുകൊടുത്തു. അതിന്റെ കൃഷിരീതിയും ഉപയോഗവും ഉപയോഗ രീതിയുമൊക്കെ പറഞ്ഞു. ഇത്രയും സാധിക്കണമെങ്കില്‍ ഇത് ഇന്നോ ഇന്നലേയോ പഠിച്ചതല്ലെന്ന് എനിക്കറിയാം. എനിക്ക് നിങ്ങളെക്കുറിച്ച് അറിയണമെന്നുണ്ട്. അദ്ദേഹം കൃഷിവകുപ്പിന്റെ ജീപ്പില്‍ത്തന്നെ എന്നെ വീട്ടില്‍ കൊണ്ടുവന്നുവിട്ടു. ജീപ്പിലിരുന്നാ ഞങ്ങള്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് മൂത്രത്തില്‍ കല്ലുണ്ട്. അതിന് ഞാന്‍ മരുന്ന് പറഞ്ഞുകൊടുത്തു. മുരിങ്ങയുടെ വേരിന്റെ തൊലിയെടുത്ത് അതിന്റെ പുറംതൊലി കളഞ്ഞ് ഉണക്കിപ്പൊടിച്ച് ആ പൊടിയിട്ട് വെള്ളം തിളപ്പിച്ചു കുടിക്കാനാണ് പറഞ്ഞത്. അയാള്‍ക്ക് മൂത്രത്തില്‍ കല്ല് കുറഞ്ഞെന്നാ പറയുന്നേ. വേദനയും പോയി. അയാള്‍ എനിക്ക് കത്തെഴുതി. മൂത്രത്തില്‍ കല്ലിന് മരുന്നു ഫലിച്ചില്ലേ? അങ്ങനെ അറിഞ്ഞു വരുന്നോര്‍ക്കൊക്കെ ചില്ലറ ചികിത്സകള്‍ പറഞ്ഞുകൊടുക്കും.

ഇതിനിടെ കൃഷിമന്ത്രാലയത്തിനു കീഴിലെ ഡയരക്ടറേറ്റും കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയും സംഘടിപ്പിച്ച 25 സെമിനാറുകളില്‍ ഞാന്‍ ചെടികളെ കുറിച്ച് ക്ലാസ്സെടുത്തു. ഒളവണ്ണയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും ക്ലാസ്സെടുക്കാന്‍ വിളിച്ചു. ചെടികളുടെ കൃഷിരീതി, പ്രത്യേകതകള്‍, ഉപയോഗം ഒക്കെ പറഞ്ഞുകൊടുത്തു.

പയ്യന്നൂര്‍, മണിയൂര്‍, എളയാവൂര്‍, മട്ടന്നൂര്‍, മൂടാടി തുടങ്ങി ഒരുപാട് സ്ഥലങ്ങളില്‍ മഹിളാ സമാജക്കാര്‍ക്കും കുടുംബശ്രീക്കാര്‍ക്കും ക്ലാസ്സെടുക്കാന്‍ പോയി. ക്ലാസ്സെടുക്കാന്‍ പോകുമ്പോള്‍ ചുരുങ്ങിയത് 75 ഇനം ചെടി കൊണ്ടുപോകും. രാവിലെ ഏഴ് മണിക്കൊക്കെ പുറപ്പെടേണ്ടതാണെങ്കില്‍ തലേന്ന് സന്ധ്യക്ക് മുറിച്ച് വെള്ളത്തിലിട്ടുവെക്കും. ചെടി കാണിക്കുമ്പോള്‍ ഓരോ നാട്ടുകാരും അവര്‍ക്കറിയാവുന്ന അതിന്റെ ഉപയോഗരീതികള്‍ ഇങ്ങോട്ടും പറഞ്ഞുതരും. അത് ഞാനും പഠിക്കും. തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജെ.എസ്.എസ്സിന് കീഴില്‍ തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ ഗൃഹവൈദ്യത്തില്‍ ഔഷധസസ്യങ്ങളുടെ പങ്കിനെക്കുറിച്ചൊക്കെ ക്ലാസ്സെടുത്തിട്ടുണ്ട്. ജനശിക്ഷണ്‍ സന്‍സ്ഥാനിന്റെ റിസോഴ്‌സ് പേഴ്‌സണായി അവര്‍ എന്നെ അംഗീകരിച്ചിട്ടുണ്ട്. ജനശിക്ഷണ്‍ സന്‍സ്ഥാനുവേണ്ടി ഔഷധസസ്യ കൃഷിയെക്കുറിച്ച് ഞാന്‍ കൈപ്പുസ്തകം രചിച്ചിട്ടുണ്ട്.

സിവില്‍സ്റ്റേഷനില്‍ 60 ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഞാന്‍ ക്ലാസ്സെടുത്തിട്ടുണ്ട്. അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയാണ് ക്ലാസ് സംഘടിപ്പിച്ചത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് തിയറിയേ അറിയത്തുള്ളൂ. ചെടി അറിയത്തില്ല. അവര്‍ക്ക് ചെടി പറഞ്ഞുകൊടുക്കുകയാണ് ഞാന്‍ ചെയ്തത്. അങ്ങനെ രണ്ടുതവണ അവര്‍ എന്നെ ക്ലാസ്സിന് വിളിച്ചിട്ടുണ്ട്. ചെടി അറിയത്തില്ലാത്തതുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് ആ ക്ലാസ് വലിയ കാര്യമായി. ചില ഡോക്ടര്‍മാര്‍ ഇവിടെയും വരാറുണ്ട്. ചെടി പഠിക്കാന്‍. ആയുര്‍വേദ ആശുപത്രികളിലൊക്കെ ചെടി നടുമ്പോള്‍ എന്നെ വിളിക്കാറുണ്ട്. ഇവിടെ അടുത്ത് സ്വകാര്യ ആയുര്‍വേദ നഴ്‌സിങ് കോളേജിലെ കുട്ടികള്‍ക്ക് ഞാന്‍ ചെടി പഠിപ്പിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം തുടര്‍ച്ചയായി ക്ലാസ്സെടുത്തു. പ്രൊജക്ടിന്റെ ഭാഗമായി കുട്ടികള്‍ക്ക് 65 ഔഷധച്ചെടികളുടെ ആല്‍ബം ഉണ്ടാക്കണം. അതിനൊക്കെ ഞാനാ സഹായിച്ചേ. വേറേയും ആയുര്‍വേദ കോളേജിലെ കുട്ടികള്‍ ഇവിടെ വരാറുണ്ട്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കാരും എന്നെ വിളിച്ചിട്ടുണ്ട്. അത് ഫോക്‌ലോര്‍ അക്കാദമിയുടെ ക്ലാസായിരുന്നു. ബോട്ടണി പഠിക്കുന്ന കുട്ടികളും ടീച്ചര്‍മാരുമൊക്കെ അതില്‍ വന്നു. നൂറ് ചെടികളുമായാണ് ഞാന്‍ പോയത്. അറുനൂറിലേറെ ചെടികള്‍ എനിക്കറിയാം. ക്ലാസ് കേള്‍ക്കാന്‍ പറ്റാത്തവര്‍ ഇനിയും ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുടെ റിസോഴ്‌സ് പേഴ്‌സണായി എന്നെ അംഗീകരിച്ചുകൊണ്ട് എനിക്ക് അവര്‍ കടലാസുതന്നു.

ഒളവണ്ണ ബാട്ടാണിക്കല്‍ ഗാര്‍ഡനിലെ ചെടികള്‍ക്ക് ഞാന്‍ പേരെഴുതിക്കൊടുത്തതാ. അടയ്ക്കാ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ വയനാട്ടില്‍നിന്ന് 100 ചെടികള്‍ കൊണ്ടുവന്നപ്പോള്‍ എന്നെ വിളിച്ചു. എല്ലാ പേരും എഴുതി. തളിപ്പറമ്പ് ജൈവവള പ്ലാന്റിലെ ചെടികള്‍ക്കും പേരിടാന്‍ പോയി.

തിക്കോടിയിലെ കോക്കനട്ട് നഴ്‌സറിയില്‍ നടന്ന ഒരു പരിപാടിയിലാണ് ഞാന്‍ ഹീരാ നെട്ടൂരിനെ പരിചയപ്പെടുന്നത്. ഇപ്പോള്‍ കൃഷി ജോ. ഡയരക്ടറാണ് അവര്‍. അവരാണ് എന്നെ കൃഷിവകുപ്പിന് ക്ലാസ്സെടുക്കാന്‍ വിളിക്കുന്നത്. കര്‍ഷകര്‍ക്കു പുറമേ പഞ്ചായത്ത് പ്രസിഡന്റുമാരും ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരും കൃഷി ഓഫീസര്‍മാരും സെമിനാറില്‍ പങ്കെടുത്തു. ഔഷധസസ്യങ്ങളുടെ കൃഷിയിലും ഗൃഹവൈദ്യത്തിലും എന്റെ കഴിവുകള്‍ ഹീരാ മാഡത്തിന് മനസ്സിലായി. അവരുടെ നിര്‍ദേശപ്രകാരം പിന്നീട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ അമ്പതിലേറെ കൃഷിഭവനുകളില്‍ ക്ലാസ്സെടുക്കാന്‍ പോയി. ഹീരാ മാഡം സെക്രട്ടറിയായ വേങ്ങേരി അര്‍ബന്‍ അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് നിര്‍മിച്ച ഔഷധത്തോട്ടവും നക്ഷത്രവനവും സജ്ജീകരിക്കാനും എന്നെ വിളിച്ചിരുന്നു.

കുരുവട്ടൂര്‍ പഞ്ചായത്തില്‍ ക്ലാസ്സെടുക്കാന്‍ ചെന്നപ്പോള്‍, ആറുമാസമായി മഞ്ഞപ്പിത്തം മാറാത്ത ഒരാളെ കണ്ടു. ആശാരിയാണ്. പണിക്കുപോകാന്‍ ഒക്കത്തില്ല. ജീവിക്കാനും മാര്‍ഗമില്ല. ഞാന്‍ പച്ചമരുന്ന് പറഞ്ഞുകൊടുത്തു. മൂന്ന് മാസംകൊണ്ട് പൂര്‍ണമായി സുഖപ്പെട്ടു. ആവണക്കിന്റെ തളിരില വെളുത്തുള്ളിയും നല്ല ജീരകവും കൂടി ചേര്‍ത്തരച്ച് കറന്നെടുത്ത പശുവിന്‍പാലില്‍ കലക്കി സൂര്യന്‍ ഉദിക്കുന്നതിനു മുമ്പേ കഴിക്കണം. ഇവിടെ ഇപ്പോള്‍ പശുക്കറവ ഇല്ല.

ഇവിടെ ഡ്രൈവറായി, വണ്ടി ഓടിച്ചു നടക്കുന്ന ഒരു മമ്മദ് കുട്ടിയുടെ മകനുണ്ട്. അവന്റെ ഉമ്മ വന്നുപറഞ്ഞു, എന്റെ മോന് ഛര്‍ദിയും പനിയും. മഞ്ഞപ്പിത്തമാണ്. രാവിലെ കൊണ്ടുവരാന്‍ പറഞ്ഞു. മൂന്ന് ദിവസത്തേക്ക് മരുന്നുകൊടുത്തു. ഉപ്പു കൊടുക്കരുതെന്നും പറഞ്ഞു. ചെക്കന് സുഖമായി. പനിയും നിന്നു. ഛര്‍ദിയും നിന്നു. എന്നെ വിശ്വസിച്ചുവരുന്ന കുറച്ചാളുകള്‍ക്കൊക്കെ ഞാന്‍ മരുന്നുകൊടുക്കും.
ഇന്നലെ ഒരാള്‍ കുരുവിന് മരുന്നുവേണമെന്ന് പറഞ്ഞ് വന്നു. ചോരക്കുരുവേ. വീരാന്‍ കുട്ടീന്നാ പേര്. ഇവിടെ അടുത്തു കുനിയില്‍ക്കാരനാ. നിലനാരകത്തിന്റെ ഇലയും കോവലും ചേര്‍ത്ത് വെണ്ണനെയ്യില്‍ ചേര്‍ത്ത് പുരട്ടാന്‍ പറഞ്ഞു. ചെടി അറിയത്തില്ലെങ്കില്‍ വന്നാല്‍ കാണിച്ചുതരാമെന്ന് പറഞ്ഞു. ചോരക്കുരുവിന് വേറെയും മരുന്നുണ്ട്. രാത്രി താറാമുട്ട പുഴുങ്ങുക. പൊട്ടിച്ച് ഉപ്പുവെള്ളത്തിലിട്ട് വെക്കുക. രാവിലെ എഴുന്നേറ്റ് വെറുംവയറ്റില്‍ കഴിക്കുക. ഒരു മാസം 10 മുട്ടവീതം മൂന്നുമാസം കഴിക്കണം. കുരു പിന്നെ വരികേല. മുത്തിളിന്റെ ഇലയും മഞ്ഞളും കൂടി അരച്ചുചേര്‍ത്ത് കഴിക്കാന്‍ പറയും ത്വക് രോഗികളോട്. ത്വക് രോഗം പോയില്ലെങ്കിലും കുഴപ്പമില്ല. മുത്തിള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും. ബ്രഹ്മിക്ക് പകരം ഉപയോഗിക്കുന്നതാ മുത്തിള്‍. മുത്തിളിന്റെ ഇലകൊണ്ട്, മാറാത്ത ഒത്തിരി ത്വക്‌രോഗങ്ങള്‍ മാറിയിട്ടുണ്ട്. കൊടിയത്തൂരിലെ ഒരു കോളേജില്‍ പഠിക്കുന്ന ചെക്കന്‍ എഴുതിയിട്ടുണ്ട്- പതിനഞ്ചു വര്‍ഷമായി മാറാത്ത ചൊറിയാ അമ്മച്ചിതന്ന ഇലകൊണ്ട് മാറിയതെന്ന്.

മുക്കത്തെ ബി.പി. മൊയ്തീന്‍ സേവാമന്ദിറിലായിരുന്നു ആദ്യത്തെ ക്ലാസ് എന്ന് പറഞ്ഞില്ലേ? അത് കഴിഞ്ഞപ്പോള്‍ അതിന്റെ ഡയരക്ടര്‍ കാഞ്ചന കൊറ്റങ്ങല്‍ എന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അവര്‍ ആ പ്രസംഗം തിരുവന്തപുരത്തേക്ക് അയച്ചുകൊടുത്തിരുന്നല്ലോ. അങ്ങനെയാണ് സ്വരാജ് കേരള പ്രോഗ്രാമിന്റെ വനിതാ ശില്പശാലയ്ക്ക് ഞാനും പോകുന്നത്. കെ. വിശ്വനാഥന്‍ സാറിന്റെ മിത്രാനികേതനിലായിരുന്നു പരിപാടി. ഒരുപാട് മരുന്നുചെടികളുണ്ട് അവിടത്തെ തോട്ടത്തില്‍. അവിടെ എനിക്ക് പ്രകൃതിചികിത്സയെയും ചെടികളെയും കുറിച്ച് ക്ലാസ്സെടുക്കേണ്ടിവന്നു.

അവിടത്തെ ഒരു പണിക്കാരന്‍ വീണ് കാലുമുറിഞ്ഞു. ഡിസ്‌പെന്‍സറി തുറക്കാത്ത ദിവസമായിരുന്നു. പ്രകൃതിയുടെ അന്നമ്മച്ചേച്ചിയുണ്ട്, വിളിച്ചോണ്ടു വരാന്‍ വിശ്വനാഥന്‍ സാര്‍ പറഞ്ഞു. നോക്കുമ്പോള്‍ അവരുടെ തോട്ടത്തില്‍ തന്നെയുണ്ട് ശിവമൂലി അയ്യമ്പാന എന്ന ചെടി. അതിന് എഴുതിവെച്ചിരിക്കുന്നത് മുറികൂട്ടി എന്നാണ്. ആ മരുന്ന് എനിക്ക് അറിയാം. ഞാന്‍ ആ മരുന്നിന്റെ ഇല പറിച്ചു. സാര്‍ പഴയ ഖദറിന്റെ മുണ്ടു കൊണ്ടുതന്നു. തുണി ചുറ്റി അതിന്റെ പുറത്ത് മരുന്ന് അരച്ചുതേച്ചു. എന്നിട്ട് കെട്ടി. പൊടി വീണാല്‍ പഴുക്കും. നാളെ ഡിസ്‌പെന്‍സറി തുറക്കുമ്പോള്‍ മരുന്നു ചെയ്യാമെന്നും പറഞ്ഞു. അതുവരെ ഇതിരിക്കട്ടെ, ചോര നില്ക്കട്ടെ എന്നുപറഞ്ഞാണ് കെട്ടിയത്. ചോര നിന്നുവെന്ന് മാത്രമല്ല, പിറ്റേന്നത്തേക്ക് മുറി കൂടിയിരുന്നു. നീരും വെച്ചില്ല. ഇവര്‍ക്കെല്ലാം വലിയ അതിശയമായി. മൂലക്കുരുവിനും വായ്പുണ്ണിനും പറ്റും ഈ മരുന്ന്. മുറിവിന് നല്ലതാ. പക്ഷേ, അതേപടി പറിച്ചുവെക്കുമ്പോള്‍ മുറിവില്‍ പൊടി വീഴും. മുറിവ് പഴുക്കും. അത് പാടില്ല. മുറിവില്‍ തുണികെട്ടി അതിനു മീതെയാണ് മരുന്ന് വെച്ചുകെട്ടുന്നത്. എബ്രഹാം പിച്ചത്താനിയുടെ ക്ലാസ്സില്‍വെച്ചാ എനിക്ക് ഈ വിവരം കിട്ടിയത്. ക്ലാസ്സില്‍ കേട്ട വിവരം നമ്മള്‍ പരീക്ഷിച്ചു നോക്കുകയാണ്. ചോരപോകുന്ന മൂലക്കുരുവിന് ഇത് തിരുമ്മിയിട്ട് ചെറിയ തുണിക്കകത്ത് കിഴികെട്ടി മലദ്വാരത്തില്‍ തിരുകിവെച്ചാല്‍ മതി. ഒരുപാട് പേര്‍ക്ക് മൂലക്കുരു കരിഞ്ഞിട്ടുണ്ട്. പിന്നെ ചുവന്ന ഉള്ളിയും ഈ ഇലയും കൂടി ചേര്‍ത്ത് അരച്ച് പാല് ചേര്‍ത്ത് ഉള്ളിലേക്ക് കഴിക്കാം. അങ്ങനെ കഴിക്കുന്നവര്‍ക്ക് വയറ്റിലെ പുണ്ണ് കുറയുന്നുണ്ട്.

പിന്നെ നാടായനാടൊക്കെ ഞാന്‍ ക്ലാസ്സെടുത്ത് നടക്കുകയല്ലേ? മണിയൂരില്‍ ക്ലാസ്സെടുക്കാന്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു. ഇത് നാഗവെറ്റിലയാണെന്ന്. നാവിലിട്ട് ചവച്ചാല്‍ വായ്പുണ്ണു പോകുമെന്ന്. ഓരോ സ്ഥലത്ത് ഈ ചെടി കാണിക്കുമ്പോള്‍ ഓരോ പേരാണ്. അതിന്റെ ഉപയോഗം അവര്‍ നമുക്ക് പറഞ്ഞുതരും. അങ്ങനെയാണ് ഓരോ ഉപയോഗം പഠിക്കുന്നത്. വീട്ടുമുറ്റത്ത് ഇത് നട്ടുവളര്‍ത്തുന്നത് നല്ലതാണ്.

ഒളവണ്ണ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്നതിനിടെ അവിടത്തെ ഒരു ജോലിക്കാരന്റെ മകളെ എലി കടിച്ചു. ഞാന്‍ ഈ ചെടിയൊടിച്ചു കൊടുത്തുവിട്ടു. അരച്ചുകൊടുക്കാനും വെച്ചുകെട്ടാനും പറഞ്ഞു. പിന്നെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍ ഒരു വിഷവുമില്ലെന്നാ പറഞ്ഞേ. എലി കടിച്ചാല്‍, തേളു കടിച്ചാല്‍, പാമ്പു കടിച്ചാല്‍ ഒക്കെ പറ്റും. പറയുന്നവര്‍ക്കൊക്കെ ഈ ചെടികൊണ്ട് ഒത്തിരി ഗുണം കിട്ടുന്നുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള അഞ്ചു പേരെ വീതം പങ്കെടുപ്പിച്ചുകൊണ്ടാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വലിയ സെമിനാര്‍ സംഘടിപ്പിച്ചത്. കോഴിക്കോട്ടെ അടയ്ക്കാ സുഗന്ധവിള കേന്ദ്രത്തിലെ ഡോ. തോമസും എലിസബത്ത് മാഡവുമാണ് എന്റെ പേര് അവര്‍ക്ക് പറഞ്ഞുകൊടുത്തത്. ഒമ്പത് ദിവസത്തെ സെമിനാറില്‍ ഞാന്‍ പങ്കെടുത്തു. ഒരുദിവസം ക്ലാസ്സെടുക്കുകയും ചെയ്തു.
അരീക്കോട്ട് കുടുംബശ്രീക്കാര്‍ക്കുവേണ്ടി ഞാന്‍ ക്ലാസ്സെടുത്തിരുന്നു. ക്ലാസ്സൊക്കെ കഴിഞ്ഞപ്പോള്‍ കിഴുപറമ്പുകാരി ഒരു സ്ത്രീ വന്നു പറഞ്ഞു, ''പടച്ചോനാ ചേട്ടത്തിയെ ഞങ്ങടെ മുമ്പില്‍ കൊണ്ടുവന്നത്. എന്റെ മോന് മേലുമുഴുവന്‍ ചൊറിഞ്ഞുപൊട്ടുന്ന രോഗമാണ്. കാവനൂരിലെ യത്തീംഖാനയില്‍ പഠിക്കുകയാണ്.'' ഞാന്‍ അവനെ കൊണ്ടുവരാന്‍ പറഞ്ഞു. അവര്‍ അലോപ്പതിയും ഹോമിയോയും ആയുര്‍വേദവുമൊക്കെ ചെയ്യുന്നുണ്ട്. ചൊറിക്ക് ഒരു കുറവുമില്ല. ഞാന്‍ മുത്തിളും മഞ്ഞളും അരച്ച് ഉള്ളില്‍ കൊടുക്കാന്‍ പറഞ്ഞു. മുത്തിളും മഞ്ഞളും തുളസിയിലയും അയ്യമ്പാനയുടെ ഇലയും ചേര്‍ത്തരച്ച് കിഴികെട്ടി രണ്ടു മണിക്കൂര്‍ നേരം പിഴിഞ്ഞുപിഴിഞ്ഞ് ദേഹം മുഴുവന്‍ തേക്കാന്‍ പറഞ്ഞു. നാരങ്ങാ പിഴിഞ്ഞ ചെറുചൂടുവെള്ളത്തില്‍ കുളിപ്പിക്കാനും പറഞ്ഞു. ഞാനുണ്ടാക്കുന്ന ഔഷധസോപ്പും കൊടുത്തു. കൊച്ചിന് ഭേദമായി. അപ്പോഴുണ്ട് യത്തീംഖാനയുടെ മാനേജര്‍ വരുന്നു. അങ്ങേര്‍ക്ക് തലയിലെ മുടി വട്ടത്തില്‍ കൊഴിഞ്ഞുപോകുന്നു. ചുണങ്ങുപോലെ. ശ്വാസംമുട്ടിന് കഴിക്കുന്ന ഗുളികയുടെ റിയാക്ഷനാണ്. തണുപ്പു പറ്റുകേല. അതുകൊണ്ട് ഞാന്‍ എണ്ണ കൊടുത്തില്ല. ഞാന്‍ ഔഷധസോപ്പ് കൊടുത്തു. അയാള്‍ക്കും ഭേദമായി. നിരവധിപേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട് ഇതൊക്കെ.
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ പരിസ്ഥിതി മലിനീകരണത്തിനെതിരെ സമരം നടക്കുമ്പോള്‍ ഞാന്‍ പോയിരുന്നു.
പരിസ്ഥിതിമലിനീകരണം കൊണ്ട് ക്യാന്‍സര്‍ വ്യാപകമാണ് അവിടെ. ഉങ്ങ് പോലുള്ള മരങ്ങള്‍ വെച്ചുപിടിപ്പിച്ചാല്‍ വായുമലിനീകരണം തടയാന്‍ പറ്റുമെന്ന് ഞാന്‍ മീറ്റിങ്ങില്‍ പറഞ്ഞു. ശബരിമല പതിനെട്ടാം പടി കയറുന്നേടത്ത് അവര്‍ വീശുന്നത് ഉങ്ങിന്റ എകരമാണ്. അനവധി നാടുകളില്‍നിന്ന് വരുന്ന ഭക്തന്മാരല്ലേ? പലതരം രോഗങ്ങളുണ്ടാകും. അത് പകരാതിരിക്കാനാണ് ഉങ്ങിന്റെ എകരം വീശിക്കൊണ്ടിരിക്കുന്നത്.

നാട്ടില്‍നിന്ന് പോരുമ്പോള്‍ കുറേ ചെടികള്‍ തറവാട്ടില്‍നിന്ന് കൊണ്ടുവന്നിരുന്നു. ചെറുപ്പംതൊട്ടേ വല്യപ്പന്‍ ചെടികളെക്കുറിച്ച് പറഞ്ഞുതന്നിരുന്നു. ചെടി നടുകയും വളര്‍ത്തുകയും ചെയ്യുന്നത് കണ്ടാണല്ലോ ഞാന്‍ വളര്‍ന്നത്. ചെടി പഠിക്കുകേം ചെയ്തിട്ടുണ്ട്. നന്ദ്യാര്‍വട്ടമൊക്കെ മുറ്റത്തു നട്ട്, പൂ പറിച്ച് മൊന്തയില്‍ വെള്ളത്തിലിട്ടുവെച്ച് പിറ്റേന്ന് കണ്ണുകഴുകിയാല്‍ കണ്ണുസൂക്കേടുണ്ടാകുകേലെന്നൊക്കെ അന്ന് വല്യപ്പന്‍ പറയുന്നത് കേട്ടിട്ടുണ്ട്. പിള്ളാരുണ്ടായാല്‍ ഈ പൂവാംകുരുന്നിലയുടെ ഇല പിഴിഞ്ഞ് ആ നീരുകൊണ്ട് കണ്ണുകഴുകിയാല്‍ രോഗം ഉണ്ടാകില്ല. കാര്‍ന്നോര് പറഞ്ഞുതരികയും കാണിച്ചു തരികയുമൊക്കെ ചെയ്യും. അതൊക്കെ അന്നു കണ്ടു, അന്നു തീര്‍ന്നു. പിന്നെ അതൊക്കെ വീണ്ടും തുടങ്ങുന്നത് 1990-ലാണ്.

ക്ലാസ്സെടുക്കാനൊക്കെ പോകുന്നത് ഭര്‍ത്താവിനും വലിയ താത്പര്യമായിരുന്നു. ക്ലാസ്സിന് കൊണ്ടുപോകേണ്ട ചെടികളൊക്കെ മുറിക്കാനും പേരെഴുതാനും പാക്ക് ചെയ്യാനുമൊക്കെ സഹായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ പഴയൊരു ഗൃഹവൈദ്യത്തിന്റെ പുസ്തകമുണ്ടായിരുന്നു. അത് അദ്ദേഹം എനിക്കുതന്നു. ക്ലാസ്സെടുക്കാന്‍ പോകുമ്പോള്‍ നിനക്ക് ഉപകാരപ്പെടുമെന്ന് പറഞ്ഞു. അതില്‍ ഒറ്റമൂലിയൊക്കെ ഒത്തിരിയുണ്ട്. അതൊക്കെ വായിച്ച് കുറേ കാര്യങ്ങള്‍ പഠിച്ചു.

ഇവിടെ ഇപ്പോള്‍ പത്ത് മുന്നൂറ് ചെടികളേ ഉള്ളൂ. ചെടികള്‍ പരിപാലിക്കാന്‍ കാശ് മുടക്കണം. പണിക്കാരെ വെച്ച് കാട് പറിപ്പിക്കണം. പെണ്ണുങ്ങളൊക്കെ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതിനാല്‍ അതിനൊന്നും ആളെ കിട്ടാനില്ല. ക്ലാസിന് പോകുമ്പോള്‍ 250 രൂപ പ്രതിഫലം കിട്ടുമായിരുന്നു. അങ്ങനെ കിട്ടുന്ന കാശുകൊണ്ടാണ് പലപ്പോഴും തോട്ടം നന്നാക്കുന്നത്. ഇപ്പോള്‍ ക്ലാസുകള്‍ കുറവാണ്. പൈസയും കിട്ടുന്നില്ല. പൈസ ഇല്ലാത്തതുകൊണ്ട് തോട്ടം വലുതാക്കാനും നന്നാക്കാനും വയ്യ.

മമ്പാട്ട് ഞാന്‍ ആദിവാസികള്‍ക്ക് ക്ലാസെടുക്കാനും പോയിട്ടുണ്ട്. എന്നെക്കുറിച്ച് ആരോ പറഞ്ഞുകേട്ട് വയനാട്ടില്‍നിന്ന് ഏതാനും ആദിവാസി വൈദ്യന്മാര്‍ ഇവിടെ വന്നിരുന്നു. അവര്‍ പല ചെടികളുടെയും ഉപയോഗം പറഞ്ഞുതന്നു. വെറുതെ പറഞ്ഞു തന്നതല്ല. ഞാന്‍ അവര്‍ക്കു കുറേ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തപ്പോള്‍ നന്ദി സൂചകമായി തിരിച്ചു പറഞ്ഞുതന്നതാണ്. അവര്‍ക്ക് അറിയാത്ത പല ചെടികളും ഞാന്‍ പരിചയപ്പെടുത്തിക്കൊടുത്തതിനുള്ള നന്ദി. അവര്‍ പറഞ്ഞുതന്ന ഒരു ചെടി ഞാനിപ്പോള്‍ പരീക്ഷിച്ചത് മാവൂരില്‍നിന്ന് വന്ന ഒരു രോഗിയിലാണ്. ജീരക്കപ്പരിശ. മാറാത്ത വ്രണം കരിയും. അയാളുടെ കാലിലാണ് വ്രണം. വേദനകൊണ്ട് ഉറങ്ങാന്‍ പോലും വയ്യ. ജീരക്കപ്പരിശ പരീക്ഷിച്ചപ്പോള്‍ അയാള്‍ക്ക് കിടന്നുറങ്ങാമെന്നായിട്ടുണ്ട്.

ഔഷധ സസ്യങ്ങളെക്കുറിച്ചും ഗൃഹവൈദ്യത്തെ കുറിച്ചും ആരും മനസ്സിലാക്കുന്നില്ല. അത് സങ്കടകരമാണ്. പുരാതനകാലം മുതല്‍ നമ്മള്‍ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് ഔഷധ സസ്യങ്ങളെയല്ലേ? പ്രകൃതിദത്തമായ പച്ചമരുന്നുകള്‍ ശീലമാക്കിയാല്‍ പ്രതിരോധശേഷി വര്‍ധിക്കും. വീട്ടുമുറ്റത്ത് ഔഷധച്ചെടികള്‍ വെച്ചു പിടിപ്പിക്കാന്‍ കുടുംബിനികളാണ് ശ്രദ്ധിക്കേണ്ടത്. പ്രകൃതിയിലെ ഓരോ വിഭവത്തിലും ഔഷധമുണ്ട്. ഭക്ഷണകാര്യത്തില്‍ നമുക്ക് സ്വന്തം പ്രകൃതിയെ ഉപയോഗപ്പെടുത്താവുന്നതാണ്. മലയാളികളില്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പെരുകാന്‍ കാരണം ഭക്ഷണരീതിയിലെ മാറ്റമാണ്. മഞ്ഞളും കുടംപുളിയുമൊക്കെ നമ്മള്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങുകയാണ്. അതില്‍ പല കലര്‍പ്പുകളുമുണ്ടാകും. നമ്മുടെ പപ്പായത്തോരന്‍ വളരെ പോഷക ഗുണമുള്ളതാണെങ്കിലും അത് കാക്ക തിന്നുപോകത്തേയുള്ളു. നമ്മള്‍ അങ്ങാടിയില്‍നിന്ന് വിഷം തളിച്ച കാബേജ് വാങ്ങിക്കൊണ്ടുവന്ന് തോരന്‍ വെക്കും. മുപ്പത് ദിവസം കാബേജ് കഴിച്ചാല്‍ ഗ്യാസ് വരും. പപ്പായ ഉപയോഗിച്ചാല്‍ കണ്ണിന് കാഴ്ചശക്തി ഉണ്ടാകും. വയറ്റിലെ കൃമികള്‍ നശിക്കാനും കുടലിലെ കുരുക്കള്‍ കരിയാനും നല്ലതാണ്. അതൊക്കെ കഴിച്ച് കാക്കയ്ക്കും വാവലിനും കണ്ണു തെളിയും. നമ്മുടെ കുട്ടികള്‍ അലോപ്പതി മരുന്നും കണ്ണടയും വാങ്ങും. വാഴച്ചുണ്ടും ചേമ്പിന്റെ താളുമൊക്കെ തോരന്‍ വെച്ചു കഴിച്ചാല്‍ ഇരുമ്പ് സത്ത് ധാരാളം കിട്ടും. എല്ലാ വീട്ടുമുറ്റത്തും പത്ത് ഔഷധ സസ്യങ്ങളെങ്കിലും വെച്ചുപിടിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. ആവശ്യമുള്ള പച്ചക്കറികള്‍ അടുക്കളത്തോട്ടങ്ങളില്‍ നട്ടുവളര്‍ത്താവുന്നതേയുള്ളു. പഞ്ചായത്തുകളും കൃഷിഭവനുകളും സന്നദ്ധ സംഘടനകളും വിചാരിച്ചാല്‍ കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കും.

ഞാനിപ്പോള്‍ ഹൈദരാബാദ് ആസ്ഥാനമായ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനിലേക്ക് മൂന്ന് നാടന്‍ കണ്ടുപിടിത്തങ്ങളുടെ അംഗീകാരത്തിനായി അപേക്ഷിച്ചിരിക്കുകയാണ്. റബര്‍ഷീറ്റ് അടിക്കുമ്പോള്‍ ഉണ്ടാകുന്ന മലിനജലം ഉപയോഗിച്ച് ജൈവ കീടനാശിനി ഉണ്ടാക്കാമെന്നാണ് എന്റെ കണ്ടുപിടിത്തം. അതില്‍നിന്നുതന്നെ ജൈവവളവുമുണ്ടാക്കാം. മുത്തിളും മഞ്ഞളും ഉപയോഗിച്ചുണ്ടാക്കിയ ത്വക്‌രോഗ ശമിനിയാണ് മറ്റൊരു കണ്ടുപിടിത്തം. ഉടനെ അവരുടെ തീരുമാനം അറിയുമായിരിക്കും. ഇതൊന്നും എന്റെ കഴിവല്ല. ഒക്കെ മാതാവിന്റെ കൃപ. കൊന്തയെന്തിച്ച് എന്നും പ്രാര്‍ഥിക്കുന്നതിന്റെ ഫലം.

1 അഭിപ്രായം:

  1. വരപ്രസാദം പോലെയുള്ള ഈ അറിവുകൾ പകർന്നു തന്ന അമ്മയ്ക്ക് കോടി പ്രണാമം.
    അമ്മയുടെ കണ്ടുപിടുത്തങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ